ഡിസംബർ 24ന് വിദ്യാരണ്യപുര പൊലീസ് സ്റ്റേഷന്റെ പരിധിയിലെ ലക്ഷ്മിപുര ക്രോസിലെ വില്ലയിൽ നടന്ന വൻ കവർച്ചയിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

ബെം​ഗളൂരു: ബെംഗളൂരു വിദ്യാരണ്യപുരയിലെ വ്യവസായിയുടെ വീട്ടിൽ നിന്ന് അരക്കിലോയിലേറെ സ്വർണം മോഷ്ടിച്ച സംഭവത്തിൽ നാലംഗ സംഘം പിടിയിൽ. വ്യവസായിയുടെ വീട്ടിലെ ജോലിക്കാരനും ഡ്രൈവറും ഉൾപ്പെടെ നാലുപേരാണ് പിടിയിലായത്. മൂന്ന് കിലോ വെള്ളിയും മൂന്ന് ലക്ഷം രൂപയും ഇവരിൽ നിന്ന് കണ്ടെടുത്തു.

ഡിസംബർ 24ന് വിദ്യാരണ്യപുര പൊലീസ് സ്റ്റേഷന്റെ പരിധിയിലെ ലക്ഷ്മിപുര ക്രോസിലെ വില്ലയിൽ നടന്ന വൻ കവർച്ചയിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. കവർച്ച നടത്തിയ രണ്ടുപേരുടെ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്ന് പൊലീസിന് ലഭിച്ചിരുന്നു. ഇവരെ പിടികൂടി നടത്തിയ ചോദ്യം ചെയ്യലിലാണ് വ്യവസായിയുടെ വീട്ടിൽ ജോലി ചെയ്യുന്ന രണ്ടുപേരുടെ കൂടി പങ്കാളിത്തം വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു.

വീട്ടുജോലിക്കാരനായ മഞ്ജിത്തും ഡ്രൈവറായ നരേന്ദ്രയുമാണ് കവർച്ച ആസൂത്രണം ചെയ്തതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വ്യവസായിയായ ഗോപാൽ ഷിൻഡേയുടെ വീട് കൊള്ളയടിച്ച് ആ തുക കൊണ്ട് ധർമസ്ഥലയിലെത്തി സെറ്റിൽ ചെയ്യാനായിരുന്നു ഇരുവരും പദ്ധതിയിട്ടിരുന്നത്. മൂന്നുമാസത്തെ ആസൂത്രണത്തിനൊടുവിൽ ബിഹാർ സ്വദേശിയായ മൻജിത്ത് സുഹൃത്തായ ചന്ദനെയും ദൊഡ്ഡ ബെല്ലാപുര സ്വദേശി നരേന്ദ്ര കൂട്ടുകാരനായ മഞ്ജുനാഥിനെയും സഹായിയായി കൂട്ടുകയായിരുന്നു. മഞ്ജുനാഥ് ചെറുകിട മോഷണങ്ങൾ പതിവാക്കിയിരുന്ന ആളാണെന്നും പൊലീസ് അറിയിച്ചു.

വ്യവസായിയും കുടുംബവും ക്രിസ്മസ് അവധി ആഘോഷത്തിന് വീടുവിട്ടിറങ്ങിയതോടെ സംഘം ഒത്തുചേരുകയും കവർച്ച നടത്തുകയും ആയിരുന്നു. ഗോപാൽ ഷിൻഡെ മടങ്ങി എത്തിയപ്പോഴാണ് കവർച്ച നടന്നത് കണ്ടെത്തിയതും പൊലീസിനെ അറിയിച്ചതും. ഈ സമയത്തെല്ലാം മൻജിത്തും നരേന്ദ്രയും വിശ്വസ്തരെ പോലെ പെരുമാറിയിരുന്നതിനാൽ ആർക്കും സംശയം തോന്നിയില്ല. എന്നാൽ കൂട്ടുപ്രതികളെ പിടികൂടി ചോദ്യം ചെയ്തതോടെ ഇരുവരുടെയും പങ്കാളിത്തം പുറത്തുവരികയായിരുന്നു.

ബെംഗളുരുവില്‍ വ്യവസായിയുടെ വീട്ടില്‍ നിന്നും അരക്കിലോ സ്വര്‍ണ്ണം കവര്‍ന്നവരെ പിടികൂടി | Bengaluru