
തിരുവനന്തപുരം: തലസ്ഥാനത്ത് എടിഎം തട്ടിപ്പുകള്‍ തുടരുന്ന പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി സിറ്റി പൊലീസ്. ടിപി നമ്പര്‍ ആര്‍ക്കും കൈമാറരുതെന്നും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ കാലാവധി തീര്‍ന്നതിനാല്‍ പുതുക്കണമെന്നും മുന്നറിയിപ്പ് നല്‍കി.
റിവാര്‍ഡ് പോയിന്റുകള്‍ റിഡീം ചെയ്യാനാണെന്ന അറിയിപ്പുമായി ബാങ്കില്‍ നിന്നാണെന്ന വ്യാജേനയാണ് ഉപഭോക്താക്കളെ തട്ടിപ്പുകാര്‍ ഫോണില്‍ വിളിക്കുന്നത്. തുടര്‍ന്ന് പേര്, കാര്‍ഡ് നമ്പര്‍, ജനനതീയതി തുടങ്ങിയ ബാങ്കില്‍ നല്‍കിയിട്ടുള്ള സ്വകാര്യ വിവരങ്ങള്‍ കൃത്യമായി പറഞ്ഞ് അവരെ വിശ്വാസത്തിലെടുക്കുകയും തുടര്‍ന്ന് വെരിഫിക്കേഷനാണെന്ന് വിശ്വസിപ്പിച്ച് ഫോണില്‍ വരുന്ന ഒടിപി കൈക്കലാക്കി തട്ടിപ്പുനടത്തുകയാണ് ഇത്തരക്കാര്‍ ചെയ്യുന്നതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പി പ്രകാശ് അറിയിച്ചു. ഉപഭേക്താക്കാള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതുകൂടാതെ ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യുന്നതിന് വേണ്ടിയാണ് വിളിക്കുന്നതെന്നും ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ തുടര്‍ന്ന് ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാനാകില്ല എന്ന് തെറ്റിദ്ധരിപ്പിച്ചും ഒടിപി കൈക്കലാക്കി ഇവര്‍ പലരില്‍നിന്നും തട്ടിപ്പുനടത്താറുണ്ട്. ഒടിപി നമ്പര്‍ നല്‍കി കഴിഞ്ഞാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഇവര്‍ ഉപഭോക്താവിന്റെ അക്കൗണ്ടിലെ തുക വിവിധ മൊബൈല്‍ വാലറ്റുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയും തുടര്‍ന്ന് വ്യാജ മേല്‍വിലാസങ്ങളിലുള്ള അക്കൗണ്ടുകളിലൂടെ പിന്‍വലിക്കുകയുമാണ് ചെയ്യുന്നത്. ബാങ്കുകള്‍ ഒരിക്കലും ഇത്തരത്തില്‍ ഉപഭോക്താക്കളെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ശേഖരിക്കാറില്ല. ആയതിനാല്‍ ഫോണിലൂടെ എടിഎം കാര്‍ഡിനെക്കുറിച്ചുള്ള വിവരങ്ങള്‍ ആവശ്യപ്പെടുന്നവര്‍ക്ക് യാതൊരുകാരണവശാലും വിവരങ്ങള്‍ നല്‍കരുതെന്നും പൊലീസ് ഓര്‍മ്മിപ്പിച്ചു.
കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങുന്നവരും ശ്രദ്ധിക്കേണ്ടതാണ്. ഇത്തരത്തില്‍ പര്‍ച്ചേസ് ചെയ്തവരുടെ കാര്‍ഡ് വിവരങ്ങള്‍ ഉപയോഗിച്ച് തുക പിന്‍വലിച്ചതായും പരാതികള്‍ ലഭിച്ചിട്ടുണ്ട്. അംഗീകൃത വൈബ്‌സൈറ്റുകളില്‍ നിന്ന് സുരക്ഷ ഉറപ്പാക്കി മാത്രമേ പര്‍ച്ചേസ് ചെയ്യാന്‍ പാടുള്ളൂ. കൂടാതെ സാധനങ്ങള്‍ വാങ്ങുന്ന വെബ്‌സൈറ്റില്‍ കാര്‍ഡിന്റെ വിവരങ്ങള്‍ സേവ് ചെയ്യാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്. മൊബൈല്‍ ഫോണുപയോഗിച്ച് ഇത്തരത്തില്‍ ബാങ്കിംഗ് ഇടപാടുകള്‍ നടത്തുന്നവര്‍ അവരുടെ മൊബൈല്‍ ഫോണില്‍ പരിചയമല്ലാത്ത ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യരുതെന്നും കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു.
ഏതെങ്കിലും സാഹചര്യത്തില്‍ അക്കൗണ്ടില്‍ നിന്നും പണം നഷ്ടമായി എന്ന് ബോധ്യപ്പെട്ടാല്‍ എത്രയും വേഗം തന്നെ ട്രാന്‍സാക്ഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുകയും (തീയതി, സമയം, തുക, വാലറ്റ് മുതലായവ) നിങ്ങളുടെ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡിന്റെ മറുവശത്ത് കാണപ്പെടുന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെട്ട് കാര്‍ഡ് ബ്ലോക്ക് ചെയ്യുകയും നിങ്ങള്‍ക്ക് അക്കൗണ്ട് ഉള്ള ബാങ്കിലും, അതാതു ജില്ലാ സൈബര്‍സെല്ലുമായും ബന്ധപ്പെടുകയും വേണമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പ്രകാശ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam