
വ്യത്യസ്ത അഭിപ്രായം പറയുന്നവരെ മനോരോഗ ആശുപത്രിയില്‍ അടയ്‌ക്കുന്നത് കമ്മ്യൂണിസ്റ്റുകളുടെ ആഗോള സ്വഭാവമാണെന്ന് സൂമൂഹിക പ്രവര്‍ത്തകന്‍ സിവിക് ചന്ദ്രന്‍. റഷ്യയിലും ചൈനയിലും വടക്കന്‍ കൊറിയയിലും എല്ലാം നടക്കുന്നത് ഇതാണ്. ബംഗാളിലും നടന്നത് മറ്റൊന്നല്ല. അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഭരണം മാറുന്നതുകൊണ്ടാണ് കേരളത്തിലെ സിപിഎമ്മുകാര്‍ക്ക് ജനാധിപത്യത്തെക്കുറിച്ചൊക്കെ പറയേണ്ടിവരുന്നതെന്നും സിവിക് ചന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
തങ്ങളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് മാത്രമാണ് ഇവര്‍ പറയുന്നത്. മറ്റുള്ളവരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് ഇവര്‍ക്ക് ഒന്നും പറയാനില്ല. മരിച്ചവരെക്കുറിച്ച് ഒന്നും പറയാന്‍ പാടില്ലെന്ന് പറയുന്നവര്‍ ഗാന്ധിയെക്കുറിച്ചും നെഹ്റുവിനെക്കുറിച്ചുമൊക്കെ എന്തെല്ലാമാണ് എഴുതിവിടുന്നതെന്ന് ഓര്‍ക്കണം.
കേരളം അസഹിഷ്ണുക്കളായ ഇടതു സംഘികളുടെയും വലത് സംഘികളുടെയും ഇടയിലാണ്. ഇവരില്‍ നിന്ന് കേരളത്തെ മോചിപ്പിക്കേണ്ടത് സാംസ്കാരിക നായകരുടെ കടമയാണ്. എന്നാല്‍ വായില്‍ പലകകഷ്ണമുള്ളവര്‍ക്ക് കുരയ്‌ക്കാനാകില്ല. തന്റെ കൂടെ ആരെങ്കിലും നില്‍ക്കുന്നുണ്ടോയെന്നതൊന്നും താന്‍ വകവയ്‌ക്കുന്നില്ലെന്നും സിവിക് ചന്ദ്രന്‍ പറഞ്ഞു. ഇന്നലെയാണ് ബലറാമിന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തെ അനുകൂലിച്ച് സിവിക് ചന്ദ്രന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
ഇന്നലെ രാത്രി മുതല്‍ തന്നെ ഫേസ്ബുക്കില്‍ തെറിവിളി തുടങ്ങിയതായി സിവിക് ചന്ദ്രന്‍ പറയുന്നു. ഗള്‍ഫില്‍ നിന്ന് നിരന്തരം ഫോണിലൂടെയും തെറിവിളിയായിരുന്നു. ഇന്ന് രാവിലെ 10.30 ഓടെയാണ് പോസ്റ്റ് സിവിക് ചന്ദ്രന്‍ പബ്ലിക്ക് ആക്കിയത്. പോസ്റ്റ് വന്ന് നിമിഷങ്ങള്‍ക്കകം തന്നെ മാസ് റിപ്പോര്‍ട്ടിംഗിലൂടെ അക്കൗണ്ട് പൂട്ടിക്കുകയായിരുന്നു. ജനുവരി 14ന് ശേഷംഅക്കൗണ്ട് തിരികെ കിട്ടുമെന്ന മറുപടിയാണ് ഫേസ്ബുബുക്ക് അധികൃതരില്‍ നിന്ന് കിട്ടിയതെന്നും സിവിക് ചന്ദ്രന്‍ പറയുന്നു.
കേരളത്തില്‍ അന്‍പത് വയസിലധികം പ്രായമുള്ള ഒരുപാട് പേര്‍ക്ക് അറിയാവുന്ന ചരിത്രമാണ് താന്‍ എഴുതിയത്. എ കെ ഗോപാലന്റെ നേതൃത്വത്തില്‍ സിപിഎമ്മിന്റെ ഗുണ്ടാ സംഘമായ ഗോപാലസേന നിലവില്‍ വന്നതൊക്കെ പ്രായമായവര്‍ക്ക് അറിയുന്നതാണ്.
ഇന്ന് സൈബര്‍ ഇടത്തിലും സിപിഎമ്മിന്റെ ഗുണ്ടാസംഘം നിലനില്‍ക്കുകയാണ്. എകെജി നക്‌സലൈറ്റുകളുടെ ആദ്യകാല നേതാവായിരുന്നെന്ന് പറഞ്ഞതിലും സുശീല ഗോപാലന്റെ കത്ത് വച്ച് ഇഎംഎസ് എകെജിയെ ബ്ലാക്ക്മെയില്‍ ചെയ്തുവെന്ന് പറഞ്ഞതിലും ഉറച്ചുനില്‍ക്കുന്നുവെന്നും സിവിക് ചന്ദ്രന്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam