
കോഴിക്കോട്: സികെ ജാനു നേതൃത്വം കൊടുക്കുന്ന ജനാധിപത്യ രാഷ്ട്രീയ സഭ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലേക്ക്. കോഴിക്കോട് നടന്ന പാർട്ടിയുടെ സംസ്ഥാന നേതൃയോഗത്തിലാണ് എൽഡിഎഫുമായി സഹകരിക്കാൻ സികെ ജാനുവിന്‍റെ പാർട്ടി തീരുമാനിച്ചത്. എൽഡിഎഫ് നേതാക്കളുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് സികെ ജാനു ഏഷ്യാനെറ്റ് ന്യൂസിനെ അറിയിച്ചു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി മന്ത്രി എകെ ബാലൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവരുമായി എൽഡിഎഫ് പ്രവേശം സംബന്ധിച്ച് സികെ ജാനു ചർച്ചകൾ നടത്തിയിരുന്നു. അനൗദ്യോഗിക ചർച്ചയെന്നാണ് നേതാക്കൾ ഇതിനെ വിശേഷിപ്പിച്ചത്. എന്നാൽ ഈ ചർച്ചകളിൽ നിന്ന് സികെ ജാനുവിന് അനുകൂല തീരുമാനം കിട്ടിയതായാണ് സൂചന. സിപിഎം നേതൃത്വവുമായാണ് സികെ ജാനു അടുത്ത ഘട്ടം ചർച്ചകൾ നടത്തുക. ചര്‍ച്ചകള്‍ക്കായി ഡിസംബര്‍ മൂന്നിന് സിപിഎം നേതൃത്വം എകെജി സെന്‍ററിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് സികെ.ജാനു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഇതേവരെയുള്ള ചർച്ചകൾ അനുകൂലമാണെന്നും എൻഡിഎയിലേക്ക് ഇനി തിരിച്ച് പോകില്ലെന്നും സികെ ജാനു അറിയിച്ചു. രണ്ടര വർഷം എൻഡിഎക്ക് ഒപ്പം എൻഡിഎക്ക് ഒപ്പം പ്രവർത്തിച്ചിട്ടും ജനാധിപത്യ രാഷ്ട്രീയ സഭയെ അവർ ഒരു വിധത്തിലും പരിഗണിച്ചില്ല. 2016 നിയമസഭാ തെരഞ്ഞെടുപ്പ് മുതൽ സികെ ജാനു നേതൃത്വം നൽകുന്ന ജനാധിപത്യ മഹാസഭ എൻഡിഎ മുന്നണിയിലായിരുന്നു. സുൽത്താൻ ബത്തേരി മണ്ഡലത്തിൽ അവർ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു.
ശബരിമല പ്രശ്നം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച സമുദായ സംഘടനകളുടെ യോഗത്തിൽ പങ്കെടുക്കാനും സികെ ജാനു സന്നദ്ധത അറിയിച്ചിട്ടുണ്ട്. അതിന് ശേഷമാണ് സികെ ജാനുവിന്‍റെ എൽഡിഎഫ് മുന്നണി പ്രവേശന വാർത്തകൾ സജീവമായത്. നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളും നവോത്ഥാന മൂല്യങ്ങൾ പിന്തുടരുന്നവരും ഒന്നിച്ചുനിൽക്കണം എന്നായിരുന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam