മാന്ദാമംഗലം പള്ളി സംഘർഷം: ഒന്നാംപ്രതി ഭദ്രാസനാധിപൻ, ഉച്ചയ്ക്ക് കളക്ടർ യോഗം വിളിച്ചു

By Web TeamFirst Published Jan 18, 2019, 11:21 AM IST
Highlights

ഇന്നലെ രാത്രി പള്ളിയിലുണ്ടായ സംഘർഷത്തിൽ മുപ്പതിലേറെപ്പേർ അറസ്റ്റിലായി. ഓർത്തഡോക്സ് സഭ തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസാണ് ഒന്നാംപ്രതി. 

തൃശ്ശൂർ: ഇന്നലെ രാത്രി തൃശ്ശൂർ മാന്ദാമംഗലത്തെ സെന്റ് മേരീസ് പള്ളിയിലുണ്ടായ ഓർത്തഡോക്സ് - യാക്കോബായ സംഘർഷത്തിൽ പൊലീസ് ഇതുവരെ 30 പേരെ അറസ്റ്റ് ചെയ്തു. ഓർത്തഡോക്സ് സഭ തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസാണ് ഒന്നാംപ്രതി. പള്ളിയ്ക്കകത്ത് ഇപ്പോഴും സ്ത്രീകളടക്കം നൂറോളം പേരുണ്ട്. അവർ പുറത്തിറങ്ങിയാൽ അറസ്റ്റ് ചെയ്യാനാണ് പൊലീസ് തീരുമാനം. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് ജില്ലാ കളക്ടർ 12 മണിക്ക് ഇരുവിഭാഗങ്ങളെയും ചർച്ചയ്ക്ക് വിളിച്ചു.

പള്ളിയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ചോ അതേച്ചൊല്ലിയുള്ള കോടതിവിധിയെക്കുറിച്ചോ ചർച്ചയില്ലെന്നും ഇവിടെ ഇന്നലെ രാത്രി ഉണ്ടായ സംഘർഷത്തെക്കുറിച്ച് മാത്രമാണ് ചർച്ചയെന്നും കളക്ടർ ടി വി അനുപമ വ്യക്തമാക്കി. എന്നാൽ സമരക്കാർക്കെതിരെ കർശനനടപടിയുമായി മുന്നോട്ടുപോകാനാണ് പൊലീസിന്റെ തീരുമാനം. ഇന്നലെയും ഇന്നുമായി 120 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 

ഇന്നലെ രാത്രി 12 മണിയോടെ ഓർത്തഡോക്സ് വിഭാഗം ​ഗേറ്റ് തകർത്ത് പള്ളിയിലേക്ക് കടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്. ഇരുവിഭാഗങ്ങളും തമ്മിൽ കല്ലേറുണ്ടായി. സമരപ്പന്തൽ പൊലീസ് പൂർണ്ണമായും ഒഴിപ്പിച്ചു. സംഘർഷത്തിൽ ഓർത്തഡോക്സ് തൃശ്ശൂർ ഭദ്രാസനാധിപൻ യൂഹന്നാൻ മാർ മിലിത്തിയോസ് ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.

ഇരു വിഭാഗങ്ങളും തമ്മിൽ രാത്രി രൂക്ഷമായ‌ കല്ലേറ് നടന്നിരുന്നു. ഇതേത്തുടര്‍ന്ന് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പരിക്കേറ്റ പതിനഞ്ചോളം പേരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരെ കുന്നംകുളത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

അതേസമയം, സംഘർഷത്തിന് കാരണം പൊലീസിന്‍റെ വീഴ്ചയെന്ന് ഓർത്തഡോക്സ് തൃശൂർ ഭദ്രാസനാധിപൻ യൂഹനാൻ മാർ മിലിത്തിയോസ് ആരോപിച്ചു. സഹനസമരം നടത്തുന്നവര്‍ രാത്രി പത്തരയോടെ പോകാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു കല്ലേറ് ഉണ്ടായത്. കോടതി ഉത്തരവ് നടപ്പാക്കേണ്ട പൊലീസിന്‍റെ വീഴ്ചയാണിത്. കല്ലെറിഞ്ഞവര്‍ സുരക്ഷിതരായിരിക്കുമ്പോള്‍ സഹനസമരം നടത്തുന്നവരെ പൊലീസ് അറസ്റ്റ് ചെയ്തു. സഹനസമരം നടത്തിയ 26 പേര്‍ അറസ്റ്റിലാണെന്നും സംഭവത്തെ തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യൂഹനാൻ മാർ മിലിത്തിയോസ് പറഞ്ഞു.

 

പാത്രിയാർക്കീസ് വിഭാഗത്തിന് കീഴിലുള്ള പള്ളിയിൽ ആരാധന നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഓർത്തഡോക്സ് വിഭാഗം സമരം ചെയ്തത്. തങ്ങൾക്കനുകൂലമായ കോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു സമരം. എന്നാൽ ഓർത്തഡോക്സ് വിഭാ​ഗത്തെ പള്ളിയിൽ കയറാൻ അനുവദിക്കാതെ യാക്കോബായ വിഭാഗവും പള്ളിയ്ക്കകത്ത് നിലയുറപ്പിക്കുകയായിരുന്നു.

സമരപ്പന്തൽ ഒഴിപ്പിച്ചെങ്കിലും സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്. വെള്ളിയാഴ്ച കൂടുതൽ വിശ്വാസികൾ പള്ളിയിലേക്കെത്തുമെന്ന കണക്കുകൂട്ടലിൽ കൂടുതൽ സേനയെ വിന്യസിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.

click me!