അരുണാചലില്‍ മുഖ്യമന്ത്രിയടക്കം 43 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി സഖ്യത്തില്‍

By Web DeskFirst Published Sep 16, 2016, 11:21 AM IST
Highlights

കഴിഞ്ഞ ഏഴുമാസത്തിലധികമായി രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന അരുണാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന്‍റെ ശനിദശ തീരുന്നില്ല..രണ്ട് മാസങ്ങള്‍ക്ക് മുമ്പ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട പെമാ ഖണ്ഡുവടക്കം 43 എംഎല്‍എമാരാണ് ഇപ്പോള്‍ ബിജെപിയുടെ സഖ്യകക്ഷിയായ പീപ്പീള്‍സ് പാര്‍ട്ടി ഓഫ് അരുണാചലില്‍ ലയിക്കുകയാണെന്ന് കാണിച്ച് സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരിക്കുന്നത്.

രണ്ട് സ്വതന്ത്രരും ഇവര്‍ക്കൊപ്പം പിപിഎയില്‍ ചേര്‍ന്നിട്ടുണ്ട്. നബാംതൂക്കി സര്‍ക്കാരിനെ അട്ടിമറിച്ച് കലികോ ഫൂലിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് വിമതര്‍ ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുകയും പിന്നീട് രണ്ട് മാസങ്ങള്‍ക്ക് മുമ്പ് സുപ്രീകോടതി നബാംതൂക്കി സര്‍ക്കാരിനെ പുനസ്ഥാപിക്കുകയും ചെയ്തിരുന്നു.

കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കത്തെത്തുടര്‍ന്ന് അന്ന് നബാം തൂക്കിയെ മാറ്റി പെമാഖണ്ഡുവിനെ മുഖ്യമന്ത്രിയായി നിയമിച്ചു. എന്നാല്‍ ഇപ്പോള്‍ നബാം തൂക്കിയൊഴികെ മറ്റെല്ലാ കോണ്‍ഗ്രസ് എംഎല്‍എമാരും ബിജെപി സഖ്യത്തിലേക്ക് പോയിരിക്കുകയാണ്. 60 അംഗ നിയമസഭയില്‍ ഇപ്പോഴുള്ള 58 അംഗങ്ങളില്‍ 44 പേര്‍ കോംഗ്രസ് അംഗങ്ങളാണ്,11 ബിജെപി അംഗങ്ങളും 2 സ്വതന്ത്രരുമാണ് മറ്റുള്ളവര്‍.

click me!