കോഴിക്കോട് പാലാഴിയിൽ ഡാൻസാഫ് നടത്തിയ മറ്റൊരു പരിശോധനയിൽ എംഡിഎംഎയുമായി വിമുക്ത ഭടനും പെണ്‍സുഹൃത്തുമടക്കം മൂന്ന് പേർ പിടിയിലായി.
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ഡാൻസാഫിന്റെ വൻ ലഹരിവേട്ട. 709 ഗ്രാം എംഡിഎംഎയുമായി വാണിമേൽ സ്വദേശി ഷംസീറാണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്നും എംഡിഎംഎ എത്തിച്ച് നാട്ടിൽ വിൽപ്പന നടത്തുന്നതാണ് പ്രതിയുടെ രീതി. കോഴിക്കോട് പാലാഴിയിൽ ഡാൻസാഫ് നടത്തിയ മറ്റൊരു പരിശോധനയിൽ എംഡിഎംഎയുമായി വിമുക്ത ഭടനും പെണ്‍സുഹൃത്തുമടക്കം മൂന്ന് പേർ പിടിയിലായി.
ഗോവിന്ദപുരത്തെ സ്വകാര്യ ലോഡ്ജിൽ സൂക്ഷിച്ച 709 ഗ്രാം എംഡിഎംഎ യാണ് ഡാൻസാഫും മെഡിക്കൽ കോളേജ് പൊലീസും ചേർന്ന് പിടികൂടിയത്. ഡാൻസാഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സംഭവത്തിൽ മയക്കുമരുന്ന് സംഘത്തിലെ പ്രധാനിയായ വാണിമേൽ സ്വദേശി ഷംസീറിനെ ഡാൻസാഫും പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. ഇയാൾ താമസിച്ച ലോഡ്ജിലെ മുറി ബലംപ്രയോഗിച്ച് തുറന്നാണ് അറസ്റ്റ്. ബെംഗളൂരുവിൽ നിന്നും വൻ തോതിൽ ലഹരി എത്തിച്ച് നാട്ടിൽ പലയിടത്തായി പാക്കറ്റുകളായി വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതി. ഷംസീറിനൊപ്പം ലഹരി വിൽപ്പനയിൽ പങ്കാളിയായ മറ്റൊരാളെ കൂടി ഉടൻ പിടികൂടുമെന്ന് ഡാൻസാഫ് അറിയിച്ചു.
കോഴിക്കോട് പാലാഴിയിൽ ഡാൻസാഫും പന്തീരങ്കാവ് പൊലീസും നടത്തിയ മറ്റൊരു പരിശോധനയിൽ 8 ഗ്രാം എംഡിഎംഎയുമായി വിമുക്ത ഭടനും പെണ്‍സുഹൃത്തുമടക്കം മൂന്ന് പേർ പിടിയിലായി. വിമുക്തഭടനായ കുറ്റ്യാടി സ്വദേശി സിഗിൻ ചന്ദ്രൻ, പെണ്‍സുഹൃത്ത് ദിവ്യ, നല്ലളം സ്വദേശി മുഹമ്മദ് ഷാഫി എന്നിവരാണ് അറസ്റ്റിലായത്. പാലാഴിയിൽ സിഗിൻ താമസിക്കുന്ന വാടക വീട്ടിൽ വച്ചായിരുന്നു അറസ്റ്റ്. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.



