കേന്ദ്രത്തില്‍ നിന്നും യുഎഇയില്‍ നിന്നും കൂടുതല്‍ സഹായം പ്രതീക്ഷിക്കുന്നു: മുഖ്യമന്ത്രി

By Web TeamFirst Published Aug 30, 2018, 5:58 PM IST
Highlights

പ്രധാനമന്ത്രിയുടെ പ്രതിവാര റേഡിയോ പരിപാടിയായ മന്‍കീബാത്തില്‍  ചട്ടപ്രകാരമുള്ള സഹായം കേരളത്തിന് നല്‍കുമെന്നാണ് പറഞ്ഞതെന്നും അങ്ങനെ ആണെങ്കില്‍  സഹായം കുറയുമെന്നും അത്തരമൊരു ഘട്ടം വന്നാല്‍ ഒറ്റക്കെട്ടായി നിന്ന് സഹായം ചോദിച്ചു വാങ്ങണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

തിരുവനന്തപുരം: കേരളത്തിലുണ്ടായ ദുരന്തം സ്വന്തം നാടിനുണ്ടായ ദുരന്തമാണെന്ന രീതിയിലാണ് യുഎഇ പരിഗണിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരളത്തെ സഹായിക്കാനായി വലിയ രീതിയിലുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നത്. കേട്ടതിലേറെ സഹായം യുഎഇയില്‍ നിന്നും പ്രതീക്ഷിക്കുന്നുവെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ലോകത്തെവിടെ നിന്നുമുള്ള സഹായവും കേരളം സ്വീകരിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നിര്‍ദേശത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 

അതേസമയം കേരളത്തിനുള്ള കേന്ദ്രസഹായത്തില്‍ കുറവു വന്നേക്കാമോ എന്ന ആശങ്ക പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ പങ്കുവച്ചു. പ്രധാനമന്ത്രിയുടെ പ്രതിവാര റേഡിയോ പരിപാടിയായ മന്‍കീബാത്തില്‍  ചട്ടപ്രകാരമുള്ള സഹായം കേരളത്തിന് നല്‍കുമെന്നാണ് പറഞ്ഞതെന്നും അങ്ങനെ ആണെങ്കില്‍  സഹായം കുറയുമെന്നും അത്തരമൊരു ഘട്ടം വന്നാല്‍ ഒറ്റക്കെട്ടായി നിന്ന് സഹായം ചോദിച്ചു വാങ്ങണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. 

ചട്ടപ്രകാരമുള്ള സഹായം അല്ല പ്രത്യേക പാക്കേജാണ് കേരളം ആവശ്യപ്പെടുന്നതെന്ന് ഇതിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. നല്ല രീതിയിലുള്ള സഹായം കേന്ദ്രം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി പിണറായി പറഞ്ഞു. പ്രധാനമന്ത്രിയും അഭ്യന്തരമന്ത്രിയും ഇവിടെയെത്തിയപ്പോള്‍ അവര്‍ക്കൊപ്പം ഞാന്‍ സഞ്ചരിച്ചതാണ്. പ്രളയത്തിന്‍റെ ദുരന്തമുഖം കണ്ട് അവര്‍ക്കുണ്ടായ പ്രതികരണം നേരിട്ടറിഞ്ഞതാണെന്നും പിണറായി പറഞ്ഞു. വീണു കിടന്നു കരയാനല്ല മാനത്തേക്ക് പറക്കാനാണ് നമ്മള്‍ ശ്രമിക്കേണ്ടതെന്നും ഒറ്റക്കെട്ടായി നിന്ന് നാം ആ ലക്ഷ്യംനേടണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗത്തോടെ പ്രളയക്കെടുതിയെ തുടര്‍ന്നുള്ള പ്രത്യേക സമ്മേളനം തീര്‍ത്ത് നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. 
 

click me!