മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഫ്ളാറ്റ് സമുച്ചയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

By Web TeamFirst Published Oct 31, 2018, 6:04 PM IST
Highlights

 പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പ്രവര്‍ത്തിച്ച ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ അടക്കമുള്ളവരെ മുഖ്യമന്ത്രി അനുമോദിച്ചു. 
 

തിരുവനന്തപുരം: മത്സ്യത്തൊഴിലാളി പുനരധിവാസ പദ്ധതിയിൽ നിർമാണം പൂർത്തീകരിച്ച 192 ഫ്‌ളാറ്റ‌് അടങ്ങിയ മുട്ടത്തറയിലെ ഭവന സമുച്ചയമായ ‘പ്രതീക്ഷ'യുടെ ഉദ്ഘാടനം  മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ബുധനാഴ‌്ച വൈകിട്ട‌് മൂന്നിന് മുട്ടത്തറ ഭവന സമുച്ചയത്തിൽ ഫിഷറീസ‌്മന്ത്രി ജെ  മേഴ്‌സികുട്ടിഅമ്മ അധ്യക്ഷയായ ചടങ്ങിലാണ് മുഖ്യമന്ത്രി ഫ്ളാറ്റ് സമുച്ചയം ഉദ്ഘാടനം ചെയ്തത്.  തീരമാവേലി സ്റ്റോർ കെട്ടിടത്തിന്റെ തറക്കല്ലിടൽ സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രനും അങ്കണവാടി കെട്ടിടത്തിന്റെ തറക്കല്ലിടൽ വനം  മന്ത്രി കെ രാജുവും നിർവഹിച്ചു. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പ്രവര്‍ത്തിച്ച ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ അടക്കമുള്ളവരെ മുഖ്യമന്ത്രി അനുമോദിച്ചു. 
 
മൂന്നര ഏക്കര്‍ സ്ഥലത്ത് രണ്ട് ബെഡ് റൂം, സിറ്റ്ഔട്ട്, അടുക്കള, ബാത്ത്റൂം സൗകര്യങ്ങളോടെ 192 വീടുകളാണ് മുട്ടത്തറയില്‍ നിര്‍മാണം പൂര്‍ത്തിയായത്. 2017 ഏപ്രിലില്‍ തറക്കല്ലിട്ട പദ്ധതി ഡിസംബറില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചു. ഡ്രെയിനേജ്, വൈദ്യുതി, ജലവിതരണ സംവിധാനം എന്നിവയുടെ ജോലികള്‍ നടക്കുന്നതിനിടെ പ്രളയം വന്നതിനാല്‍ തത്കാലത്തേക്ക് മുടങ്ങിയെങ്കിലും പ്രളയം കഴിഞ്ഞതോടെ കാലതാമസമില്ലാതെ പൂര്‍ത്തിയാക്കി. 

കോമണ്‍ അമിനിറ്റി ഹാള്‍, മാവേലി സ്റ്റോര്‍, അംഗന്‍വാടി, പരിശീലന കേന്ദ്രം, എന്നിവയും ഫ്ളാറ്റിനോടു ചേര്‍ന്ന് നിര്‍മിക്കുന്നുണ്ട്. ഫ്ളാറ്റുകളുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍  വാട്ടര്‍ അതോറിറ്റി, ഇലക്ട്രിസിറ്റി, കോര്‍പ്പറേഷന്‍, ഫിഷറീസ്, പോലീസ് വകുപ്പുകളുടെ ഉദ്യോഗസ്ഥരടങ്ങുന്ന പതിമൂന്ന് അംഗ കമ്മിറ്റി പ്രവര്‍ത്തിക്കും. ഇതില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യ പ്രാതിനിധ്യമുണ്ടാകും. ഫ്ളാറ്റുകളുടെ സുരക്ഷിതത്വത്തിനായി വിമുക്തഭടനായ സെക്യൂരിറ്റി ഗാര്‍ഡിനെയും നിയോഗിക്കും. ഉൗരാളുങ്കല്‍ ലേബര്‍ കോര്‍പറേഷനാണ് ഫ്ളാറ്റുകള്‍ സമയബന്ധിതമായി നിര്‍മ്മിച്ചത്. 
 

click me!