വിവാദ പ്ലാൻറിനൊപ്പം മുഖ്യമന്ത്രി; നടപടി വേഗത്തിലാക്കാൻ നിർദ്ദേശം

By Web DeskFirst Published Jan 3, 2018, 12:55 PM IST
Highlights

തിരുവനന്തപുരം: ഐഎംഎ പാലോട് സ്ഥാപിക്കുന്ന  ആശുപത്രി മാലിന്യ സംസ്കരണ പ്ലാന്‍റിനുള്ള അനുമതി വേഗത്തിലാക്കാൻ തീരുമാനിച്ചത്  മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ. ആരോഗ്യമന്ത്രി പ്ലാന്റിനെ അനുകൂലിച്ചപ്പോൾ കൂടുതൽ പരിശോധന വേണമെന്ന് വനംമന്ത്രി ആവശ്യപ്പെട്ടു. സ്ഥലം എംഎൽഎയും സിപിഎം നേതാവുമായ ഡികെ മുരളി പ്ലാന്റിനെ എതിർത്ത് രംഗത്തെത്തി.

പ്ലാന്റിനെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് നടപടി വേഗത്തിലാക്കാൻ തീരുമാനിച്ചത് മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണെന്ന നിർണ്ണായക വിവരം പുറത്തുവരുന്നത്. ഇക്കഴിഞ്ഞ ഒക്ടോബർ നാലിന് ചേർന്ന യോഗത്തിന്റെ മിനുട്ട്സ് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടു. പ്രത്യേക വിഭാഗത്തിൽ ഉൾപ്പെടുത്തി അനുമതി നൽകാൻ മലിനീകരണ നിയന്ത്രണബോർഡിനോട് യോഗം  നിർ‍ദ്ദേശം നൽകി. അപേക്ഷയിൽ ആവശ്യമായ ഭേദഗതി വരുത്തി പാരിസ്ഥിതിക ആഘാത സമിതിയെ സമീപിക്കാൻ ഐഎംഎയോടും യോഗം ആവശ്യപ്പെട്ടു. പരിസ്ഥിതി വകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രിക്ക് പുറമെ ആരോഗ്യ-തദ്ദേശഭരണവകുപ്പ് മന്ത്രിമാരും വിവിധ വകുപ്പ് തലവന്മാരും ഐഎംഎ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.


മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പദ്ധതിക്ക് പച്ചക്കൊടി കാണിക്കുമ്പോൾ വനംമന്ത്രിക്ക് വ്യത്യസ്തനിലപാടാണ്. നിർ‍ദ്ദിഷ്ട പദ്ധതി പ്രദേശം വനംവകുപ്പിന്റേതല്ലെങ്കിലും കൂടുതൽ പഠനം വേണമെന്ന് കെ രാജു പറഞ്ഞു. സിപിഎം നേതാവും സ്ഥലം എംഎൽഎയുമായി ഡികെ മുരളി സർക്കാർ നിലപാട് തള്ളി ജനങ്ങൾക്കൊപ്പമാണ്. പദ്ധതിക്ക് അനുമതി നൽകരുതെന്നാശ്യപ്പെട്ട് ഡിഎഫ്ഒ കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകിയിരുന്നു.

click me!