ജീവിതത്തിൽ തെറ്റ് ചെയ്തതതായി ബോധ്യമില്ലെന്നും ഭയം പാർട്ടിയോട് മാത്രമാണെന്നും പിണറായി വിജയൻ പറഞ്ഞു. ഇഷ്ട സിനിമ, ഭക്ഷണം, യാത്ര തുടങ്ങിയ വ്യക്തിപരമായ ഇഷ്ടങ്ങളും പിണറായി വിജയൻ അഭിമുഖത്തിൽ പങ്കുവെച്ചു.

തിരുവനന്തപുരം: വിയോജിക്കുന്നവരോട് വിദ്വേഷമില്ലെന്ന് മോഹൻലാലുമായുളള അഭിമുഖത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍. ജീവിതത്തിൽ തെറ്റ് ചെയ്തതതായി ബോധ്യമില്ലെന്നും ഭയം പാർട്ടിയോട് മാത്രമാണെന്നും പിണറായി വിജയൻ പറഞ്ഞു. പിണറായി വിജയൻ്റെ വ്യക്തി ജീവിതത്തിൽ ഊന്നിയുള്ള ചോദ്യങ്ങളും ഉത്തരങ്ങളുമായിരുന്നു കണ്ടും മിണ്ടിയും ഇരുവർ എന്ന അഭിമുഖം.

കണ്ടും മിണ്ടിയും ഇരുവർ. വിവാദങ്ങളില്ല...രാഷ്ട്രീയ ചോദ്യങ്ങളില്ല... വ്യക്തിജീവിതവും ഇഷ്ടാനിഷ്ടങ്ങളും മോഹൻലാലിന് മുന്നിൽ തുറന്ന് പിണറായി വിജയന്‍. ആരോപണങ്ങൾ ബാധിച്ചില്ലെന്നും ഭയം പാർട്ടിയോട് മാത്രമെന്നും പിണറായി അഭിമുഖത്തില്‍ തുറന്ന് പറഞ്ഞു. ലോക്കപ്പ് മർദ്ദങ്ങളോട് ദയയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, അടിയന്തരാവസ്ഥക്കാലത്തെ അനുഭവം പാഠങ്ങള്‍ അഭിമുഖത്തില്‍ ഓര്‍ത്തെടുത്തു. ഇഷ്ട സിനിമയിലൊന്ന് മോഹന്‍ലാല്‍ അഭിനയിച്ച അമൃതംഗമയ ആണെന്നും പ്രിയം വീട്ടിലെ ഭക്ഷണമാണെന്നും ഇഷ്ടയാത്ര സിംഗപ്പൂരിലേക്ക് പോയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടതിന്‍റെ നായകൻ പിണറായി തന്നെയെന്ന് മറ്റൊരു നായകന് മുന്നിൽ ഉറപ്പിക്കുന്ന അഭിമുഖമായിരുന്നു ഇരുവർ. പ്രതിച്ഛായ നിർമിതിക്കായുള്ള പിആർ ഏർപ്പാടെന്ന പ്രതിപക്ഷ ആക്ഷേപങ്ങൾക്കിടെയാണ് ഒരു മണിക്കൂർ നീണ്ട് അഭിമുഖമെത്തിയത്. മോഹന്‍ലാലിന്‍റെ പാട്ടിൽ തുടങ്ങി പിണറായിയുടെ ഉപനിഷദ് വാക്യത്തിലാണ് അഭിമുഖം അവസാനിച്ചത്.