
ആലപ്പുഴ: ദേശീയ പാതയ്ക്ക് വേണ്ടി നടത്തുന്ന ഭൂമിയേറ്റെടുക്കലില്‍ ദേശീയപാത അതോറിട്ടി നിര്‍ദ്ദേശം മുഖ്യമന്ത്രി അട്ടിമറിച്ചു. റോഡ് വളയ്ക്കാനായി പാതയുടെ രണ്ട് ഭാഗത്ത് നിന്നും ഒരേ പോലെ ഭൂമി ഏറ്റെടുക്കണമെന്നുള്ള നിർദ്ദേശമാണ് സർക്കാർ തളളിയത്. ആലപ്പുഴ തുമ്പോളിയില്‍ കപ്പൂച്ചിന്‍ ആശ്രമത്തിന്‍റെ മറവില്‍ റോഡിന്‍റെ ഒരു ഭാഗത്ത് നിന്ന് മാത്രം ഭൂമിയെടുക്കുന്നതാണ് ഇപ്പോഴുള്ള അലൈന്‍മെന്‍റ്.
ഇതോടെ നേരെ പോകുന്ന റോഡ് വളയും. ഏഷ്യാനെറ്റ് ന്യൂസ് ഈ വാര്‍ത്ത പുറത്ത് കൊണ്ടു വന്നതിന് പിന്നാലെ അന്വേഷണം നടത്തി റോഡ് വളയ്ക്കരുതെന്ന് ഹൈവേ അതോറിറ്റിയെ അറിയിച്ചു. തുമ്പോളിയിലെ കപ്പൂച്ചിന്‍ ആശ്രമം, തുമ്പോളിയില്‍ തന്നെ താജ്മഹലിന്‍റെ മാതൃകയില‍് പണിത സ്വകാര്യ ഭവനം, വണ്ടാനം ചേപ്പാട് എന്നിവിടങ്ങളിലായിരുന്നു പരാതി.
എന്‍എച്ച്എഐ ഇക്കഴിഞ്ഞ ഡിസംബര്‍ ഒന്നിന് ഇതനുസരിച്ച് മാറ്റിയ അലൈന്‍മെന്‍റ് സര്‍ക്കാരിന് സമര്‍പ്പിച്ചു. എന്നാല്‍, ഡിസംബര്‍ 19,20 തീയ്യതികളില്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ അലൈന്‍മെന്‍റ് മാറ്റാനുള്ള തീരുമാനം മുഖ്യമന്ത്രി അട്ടിമറിച്ചു.
നിലവിലുള്ള അലൈന്‍മെന്‍റ് അനുസരിച്ച് കല്ലിടാനാണ് മുഖ്യമന്ത്രി കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. അലൈന്‍മെന്‍റ് മാറ്റിയാല്‍ കല്ലിടല്‍ വൈകും എന്നതുകൊണ്ടാണിതെന്നായിരുന്നു വിശദീകരണം. പക്ഷേ മാറ്റിയ അലൈന്‍മെന്‍റ് സര്‍ക്കാരിന്‍റെ കയ്യിലിരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ ഈ ഇടപെടല്‍.
അലൈന്‍മെന്‍റ് മാറ്റി നാലുവരിപ്പാത നേരെയാക്കാന്‍ തുടക്കം മുതല്‍ പരിശ്രമിച്ച പൊതുമരമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ പക്ഷേ കൃത്യമായ മറുപടി പറയുന്നില്ല. റോഡിന്‍റെ ഇരുഭാഗത്തുനിന്നും ഒരുപോലെ മാത്രമേ ഭൂമിയെടുക്കൂ എന്നും പരാതിയുള്ളവര്‍ക്ക് പരാതി നല്‍കാമെന്നുമാണ് മന്ത്രി പറയുന്നത്.
കല്ലിട്ട് കഴിഞ്ഞ് അടുത്ത നടപടികളിലേക്ക് കടന്നതോടെ ഇനി എന്ത് ചെയ്യണമെന്നറിയാത്ത ആശങ്കയിലാണ് നാട്ടുകാര്‍. അലൈന്‍മെന്‍റ് മാറ്റി റോഡ് നേരെയാക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി തയ്യാറായിട്ടും മുഖ്യമന്ത്രി ഇത് അട്ടിമറിച്ചതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് പരാതിക്കാരുടെ ആരോപണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam