മാധ്യമങ്ങള്‍ക്ക് വിലക്കില്ല, വിവരങ്ങള്‍ കൃത്യമായി നല്‍കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Dec 3, 2018, 5:37 PM IST
Highlights

ആശയവിനിമയം പിആര്‍ഡിയിലൂടെ ഏകോപിപ്പിക്കാനും സുഗമമാക്കാനുമാണ് തീരുമാനം. ഇത് സംബന്ധിച്ച് ഇറങ്ങിയ ഉത്തരവിലെ ആശങ്കകള്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിമാരില്‍നിന്ന് വിവരങ്ങള്‍ അറിയുന്നതില്‍നിന്ന് മാധ്യമങ്ങളെ വിലക്കിയിട്ടില്ല. വിവരങ്ങള്‍ കൃത്യമായി നല്‍കുകയാണ് ലക്ഷ്യം. എല്ലാ മാധ്യമങ്ങള്‍ക്കും വിവരം ഒരുപോലെ ലഭ്യമാക്കണം. തിക്കും തിരക്കും ഉണ്ടാകില്ലെന്നും പൊതു ജനങ്ങള്‍ക്ക് ബുദ്ധുമുട്ട് ഉണ്ടാകില്ലെന്നും ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഔദ്യോഗിക പരിപാടികളില്‍ അക്രഡിറ്റേഷന്‍, എന്‍ട്രിപാസ്സ് എന്നിവ ഉള്ള എല്ലാ മാധ്യപ്രവര്‍ത്തകര്‍ക്കും അനുമതി നല്‍കും. ആശയവിനിമയം പിആര്‍ഡിയിലൂടെ ഏകോപിപ്പിക്കാനും സുഗമമാക്കാനുമാണ് തീരുമാനം. ഇത് സംബന്ധിച്ച് ഇറങ്ങിയ ഉത്തരവിലെ ആശങ്കകള്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  

മാധ്യമനിയന്ത്രണ ഉത്തരവിൽ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി ഇന്ന് നടന്ന നിയമസഭാ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. നിലവിലുള്ള സർക്കുലറിനെ കുറിച്ച് ചിലർ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. ഇവ പരിഗണിച്ചാണ് മാറ്റങ്ങള്‍ കൊണ്ടുവരിക. നിലവിലെ മാനദണ്ഡങ്ങൾ പരിഗണിച്ച് യുക്തമായ മാറ്റങ്ങൾ വരുത്തും. കെ സി ജോസഫിന്‍റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. 

click me!