എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ അറിയിച്ചു. വെള്ളാപ്പള്ളി ആവശ്യപ്പെട്ടാൽ ഐക്യത്തിനുള്ള തീരുമാനം ചർച്ച ചെയ്യുമെന്ന് പ്രഖ്യാപനം
തിരുവനന്തപുരം: എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. വെള്ളാപ്പള്ളി ആവശ്യപ്പെടുകയാണെങ്കിൽ എൻ എസ് എസ് നേതൃത്വം ചർച്ച ചെയ്ത് ഐക്യത്തിനുള്ള തീരുമാനമെടുക്കുമെന്നും സുകുമാരൻ നായർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വെള്ളാപ്പള്ളിയുടെ പ്രായത്തെ ബഹുമാനിക്കണമെന്നും അദ്ദേഹത്തെ വിമർശിക്കുമ്പോൾ രാഷ്ട്രീയക്കാർ ജാഗ്രത പാലിക്കണമെന്നും പറഞ്ഞ സുകുമാരൻ നായർ, എന്നാൽ അദ്ദേഹത്തിന്റെ എല്ലാ പ്രസ്താവനകളോടും യോജിപ്പില്ലെന്നും കൂട്ടിച്ചേർത്തു. എൻ എസ് എസ് - എസ് എൻ ഡി പി ഐക്യം തകർത്തത് യു ഡി എഫ് ആണെന്ന വെള്ളാപ്പള്ളിയുടെ നിലപാടിൽ പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ എസ് എസ് 'സമദൂരം' തുടരുമെന്നും വർഗീയതയ്ക്ക് എതിരായ നിലപാടിൽ സംഘടന ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിക്കൊപ്പമുള്ള കാർ യാത്ര വിവാദം ഭൂഷണമല്ല
എൻ എസ് എസ് - എസ് എൻ ഡി പി ഐക്യത്തെപ്പറ്റി വെള്ളാപ്പള്ളി നടേശൻ സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അങ്ങനെ ഒരു ആവശ്യം മുന്നോട്ടുവച്ചാൽ എൻ എസ് എസിന്റെ ഉന്നത നേതൃത്വം ആലോചിച്ച് തീരുമാനമെടുക്കു. യു ഡി എഫ് ഇടപെട്ടാണ് ഐക്യം തകർത്തത് എന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനയ്ക്ക് ഇപ്പോൾ മറുപടി പറയുന്നില്ലെന്നും ജി സുകുമാരൻ നായർ കൂട്ടിച്ചേർത്തു. അതൊക്കെ കഴിഞ്ഞ കാര്യങ്ങളാണ്. വെള്ളാപ്പള്ളി നടേശൻ മുതിർന്ന സമുദായ നേതാവ്. 89 വയസ്സായ ഒരു നേതാവിനെ വളരെ മോശമായ രീതിയിൽ ചിത്രീകരിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്ന രാഷ്ട്രീയ നേതാക്കൾ ആരായാലും അവർക്ക് അത് ഭൂഷണം അല്ല. വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രിയുടെ കാറിൽ കയറിയത് വിവാദമാക്കുന്നത് ശരിയായ കാര്യമല്ല. വെള്ളാപ്പള്ളി നടേശൻ കാർ കാണാത്ത ആളാണോ എന്നും എൻ എസ് എസ് ജനറൽ സെക്രട്ടറി ചോദിച്ചു. വെള്ളാപ്പള്ളി നടേശൻ കാർ കണ്ടതിനുശേഷം വിമർശിക്കുന്നവർ കാർ കണ്ടിട്ടുള്ളൂ എന്നും ജി സുകുമാരൻ നായർ കൂട്ടിച്ചേർത്തു.
വെള്ളാപ്പള്ളി പറഞ്ഞത്
എസ് എൻ ഡി പിയെ തകർക്കാൻ ചില 'കുലംകുത്തികൾ' ശ്രമിക്കുന്നുണ്ടെന്നടക്കം വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. കേരളം പോലെ മതസൗഹാർദ്ദം ഉള്ള മറ്റൊരു സംസ്ഥാനമില്ല. കേരളത്തിലെ ആ മതസൗഹാർദ്ദം തകർക്കാൻ പല ശക്തികളും രംഗത്തുണ്ടെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. എൻ എസ് എസിനെയും എസ് എൻ ഡി പിയെയും തമ്മിലടിപ്പിച്ചത് യു ഡി എഫ് ആണെന്നും എന്നാൽ ഇനി എൻ എസ് എസുമായി കലഹത്തിനില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. മറിച്ച് എൻ എസ് എസുമായി സമരസപ്പെട്ട് മുന്നോട്ട് പോകുമെന്നും എസ് എൻ ഡി പി ജനറൽ സെക്രട്ടറി വ്യക്തമാക്കി. ഈ മാസം 21 ന് ആലപ്പുഴയിൽ ചേരുന്ന എസ് എൻ ഡി പി സമ്മേളനം ഭാവിപരിപാടികൾ തീരുമാനിക്കുമെന്നും ജനറൽ സെക്രട്ടറി വിവരിച്ചു. എസ് എൻ ഡി പി യോഗം കണയന്നൂർ യൂണിയൻ വനിതാ സംഘത്തിന്‍റെ മെഗാ തിരുവാതിര ഉദ്ഘാടനം ചെയ്തുകൊണ്ടാണ് വെള്ളാപ്പള്ളി നടേശൻ ഇക്കാര്യങ്ങൾ പറഞ്ഞത്.


