സ്‌മാര്‍ട് സിറ്റി അധികൃതരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി

By Web DeskFirst Published Dec 21, 2016, 6:45 PM IST
Highlights

ദുബായ്: യു.എ.ഇയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലെ സ്മാര്‍ട്ട് സിറ്റി അധികൃതരുമായി ചര്‍ച്ച നടത്തി. കൂടിക്കാഴ്ചയില്‍ കൊച്ചി സ്മാര്‍ട്ട്‌സിറ്റി സംരംഭകരായ ദുബായ് ഹോള്‍ഡിംഗ്‌സ് കേരളത്തില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ക്ക് സന്നദ്ധത അറിയിച്ചതായാണ് അറിയുന്നത്.

മുഖ്യമന്ത്രിയായ ശേഷം പിണറായി വിജയന്റെ ആദ്യ ഗള്‍ഫ് സന്ദര്‍ശനമാണ് യു.എ.ഇയിലേത്. കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ സംരംഭകരായ ദുബായ് ഹോള്‍ഡിംഗ്‌സ് അധികൃതരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. കൊച്ചി സ്മാര്‍ട്ട്‌സിറ്റി തന്നെയായിരുന്നു ചര്‍ച്ചയിലെ പ്രധാന അജണ്ട.
ദുബായ് ഹോള്‍ഡിംഗ്‌സ് എംഡിയും വൈസ് ചെയര്‍മാനുമായ അഹ്മദ് ബിന്‍ ബയാത്തുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. കൊച്ചി സ്മാര്‍ട്ട്‌സിറ്റിക്ക് പുറമേ കേരളത്തില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താന്‍ ദുബായ് ഹോള്‍ഡിംഗ്‌സ് കൂടിക്കാഴ്ചയില്‍ സന്നദ്ധത അറിയിച്ചതായാണ് അറിയുന്നത്. സ്മാര്‍ട്ട്‌സിറ്റി കൊച്ചി വൈസ് ചെയര്‍മാന്‍ ജാബിര്‍ ബിന്‍ ഹഫീസ്, സ്മാര്‍ട്ട്‌സിറ്റി കൊച്ചി എം.ഡി ബാജു ജോര്‍ജ്ജ്, അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ, വ്യവസായി എം.എ യൂസഫലി തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ദുബായ് ഹോള്‍ഡിംഗ്‌സ് കേരളത്തില്‍ നടത്തുന്ന നിക്ഷേപങ്ങളെക്കുറിച്ച് വെള്ളിയാഴ്ച മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

വ്യാഴാഴ്ച രാവിലെ പത്തിന് എമിറേറ്റ്‌സ് ടവറില്‍ ദുബായ് ഹോള്‍ഡിംഗ്‌സ് സംഘടിപ്പിക്കുന്ന ബിസിനസ് മീറ്റില്‍ മുഖ്യമന്ത്രി മുഖ്യാതിഥിയായി പങ്കെടുക്കും. വൈകീട്ട് നാലിന് ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ മുഹമ്മദ് അല്‍ കാസ്മിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിന്റെ പുതിയ കെട്ടിടം വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ വൈകീട്ട് ഏഴിന് ഉദ്ഘാടന സമ്മേളനവുമുണ്ട്. വെള്ളിയാഴ്ച വൈകീട്ട് ഏഴിന് ദുബായില്‍ വിപുലമായ പൗര സ്വീകരണവും
മുഖ്യമന്ത്രിക്കായി ഒരുക്കിയിട്ടുണ്ട്.

 

click me!