പുല്ലൂർ പെരിയ പഞ്ചായത്ത് ഭരണം നറുക്കെടുപ്പിലൂടെ എൽ ഡി എഫ് നേടി. എൽ ഡി എഫിനും യു ഡി എഫിനും ഒൻപത് വീതം വോട്ട് ലഭിച്ചതോടെയാണ് നറുക്കെടുപ്പ് വേണ്ടിവന്നത്.
കാസർകോട്: പുല്ലൂർ പെരിയ പഞ്ചായത്ത് ഭരണം എൽ ഡി എഫിന്. വോട്ടെടുപ്പിൽ എൽ ഡി എഫിനും യു ഡി എഫിനും ഒൻപത് വീതം വോട്ട് കിട്ടിയതോടെ നറുക്കെടുക്കുകയായിരുന്നു. എൽ ഡി എഫിലെ ഡോ. സി കെ സബിത പഞ്ചായത്ത് പ്രസിഡൻ്റായി.
കോണ്‍ഗ്രസിലെ ഉഷ എൻ നായരാണ് യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചത്. ബി ജെ പിയുടെ ഏക അംഗം സന്തോഷ് കുമാർ വോട്ട് ചെയ്തില്ല.സി പി എം അമ്പലത്തറ ലോക്കൽ സെക്രട്ടറിയാണ് പഞ്ചായത്ത് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട സി കെ സബിത.
കഴിഞ്ഞ ദിവസം യു ഡി എഫ് അംഗങ്ങൾ എത്താതിരുന്നതിനാൽ ക്വാറം തികയാത്തതിനാൽ തെരഞ്ഞെടുപ്പ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. യു ഡി എഫും ബി ജെ പിയും ചേർന്ന് വോട്ടുകച്ചവടമാണെന്ന് എൽ ഡി എഫ് ആരോപിക്കുകയും ചെയ്തു. യു ഡി എഫിനും എൽ ഡി എഫിനും ഒൻപത് അംഗങ്ങൾ വീതവും എൻ ഡി എ യ്ക്ക് ഒരു അംഗവും ആണ് പുല്ലൂർ പെരിയ പഞ്ചായത്തിൽ ഉള്ളത്. ബി ജെ പി അംഗം ഇന്നത്തെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതോടെ ഇരു മുന്നണികൾക്കും തുല്യ വോട്ട് ലഭിക്കുകയായിരുന്നു. നറുക്കെടുപ്പിലൂടെ എൽ ഡി എഫ് പഞ്ചായത്ത് ഭരണം പിടിക്കുകയും ചെയ്തു.



