മറ്റത്തൂരിലെ എല്ലാ കുഴപ്പങ്ങൾക്കും കാരണം താനെന്ന കുപ്രചരണം നടത്തുകയാണെന്ന് സിപിഎമ്മിനൊപ്പമുള്ള കോണ്‍ഗ്രസ് വിമതൻ ഔസേപ്പ്. ടിഎം ചന്ദ്രനും കൂട്ടരും നേരത്തെ തന്നെ ബിജെപിയുമായി ഡീലുണ്ടാക്കിയിരുന്നുവെന്നും കെആര്‍ ഔസേപ്പ്ആ രോപിച്ചു.
തൃശൂര്‍: മറ്റത്തൂര്‍ പഞ്ചായത്തിലെ അട്ടിമറിയിൽ കോണ്‍ഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ഡിസിസി സെക്രട്ടറി ടിഎം ചന്ദ്രനടക്കമുള്ളവരുടെ ആരോപണങ്ങളിൽ മറുപടിയുമായി സിപിഎമ്മിനൊപ്പം നിൽക്കുന്ന കോണ്‍ഗ്രസ് വിമതൻ കെആര്‍ ഔസേപ്പ്. മറ്റത്തൂരിലെ എല്ലാ കുഴപ്പങ്ങൾക്കും കാരണം താനെന്ന കുപ്രചരണം നടത്തുകയാണെന്നും താൻ ഇപ്പോൾ കോൺഗ്രസ് പാർട്ടിയിലില്ലെന്നും കെആര്‍ ഔസേപ്പ് പറഞ്ഞു. തന്നെ കോണ്‍ഗ്രസ് പാര്‍ട്ടിയിൽ നിന്ന് പുറത്താക്കിയതാണ്. ഇത്തവണ പാര്‍ട്ടി സീറ്റ് നിഷേധിച്ചു. തുടര്‍ന്ന് സ്വതന്ത്രനായിട്ടാണ് മത്സരിച്ചത്. ഒരു രാഷ്ട്രീയ പാര്‍ട്ടികളുടെയും ഭാഗമായല്ല താൻ മത്സരിച്ചത്. ടിഎം ചന്ദ്രനും കൂട്ടരും നേരത്തെ തന്നെ ബിജെപിയുമായി ഡീലുണ്ടാക്കിയിരുന്നു. ടിഎം ചന്ദ്രൻ ഉള്‍പ്പെടെയുള്ള അഞ്ചുപേര്‍ 23ന് രാത്രി 9.45ന് വീട്ടിൽ വന്ന് കൂടെ നിൽക്കണമെന്ന് പറഞ്ഞിരുന്നു.
എന്നാൽ, താൻ പാര്‍ട്ടിയിലില്ലെന്നും പുറത്താണെന്നുമുള്ള മറുപടിയാണ് നൽകിയത്. കൂടെ നിന്നാൽ ഭരിക്കുമെന്നും അവര്‍ പറഞ്ഞു. എന്താണ് ഫോര്‍മുല എന്ന് ചോദിച്ചപ്പോള്‍ ബിജെപി സഹായിക്കുമെന്നാണ് ചന്ദ്രൻ മറുപടി നൽകിയത്. വര്‍ഗീയ കക്ഷിയുമായി കൂട്ടില്ലെന്ന് പറഞ്ഞാണ് താൻ വോട്ടു പിടിച്ചത്. അതിനാൽ തന്നെ നിലപാടിൽ ഉറച്ചു നിന്നുകൊണ്ട് ബിജെപി പിന്തുണയോടെ പ്രസിഡന്‍റ് ആകാനില്ലെന്ന് താൻ തിരിച്ചുപറഞ്ഞു. എന്നാൽ, മറ്റൊരാളുമായി മുന്നോട്ടുപോകുമെന്നും ടിഎം ചന്ദ്രൻ പറഞ്ഞു. ബിജെപിയുമായി നേരത്തെ തന്നെ ഡീലുണ്ടാക്കിയ ചന്ദ്രൻ ബിജെപിയിൽ പോകാൻ തയ്യാറായി നിൽക്കുന്നയാളാണ്. ബിജെപിയുമായി ഒരു കൂട്ട് തനിക്ക് ഇന്നലെയുമില്ല നാളെയുമില്ല. ബിജെപി നേതാക്കളും തന്നെ വിളിച്ചിരുന്നുവെന്നും കെആര്‍ ഔസേപ്പ് പറഞ്ഞു.
അതേസമയം, തൃശൂര്‍ മറ്റത്തൂരിലെ കൂറുമാറ്റത്തില്‍ 10 ദിവസത്തിനുള്ളിൽ അയോഗ്യത നടപടികൾ ആരംഭിക്കുമെന്ന് ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ് വ്യക്തമാക്കി. 10 ദിവസം എന്നത് കൂറുമാറിയവർക്ക് ചിന്തിക്കാനുള്ള സമയമാണ്. മറ്റത്തൂരിൽ പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും രാജിവെക്കണം. ഇരുവരും രാജി വെച്ചാൽ കോൺഗ്രസ് അംഗങ്ങൾക്കെതിരെ എടുത്ത നടപടി ഡിസിസി പുനപരിശോധിക്കും. രാജിവെച്ചില്ലെങ്കിൽ അയോഗ്യരാക്കാനുള്ള നടപടി കോൺഗ്രസ് ആരംഭിക്കുമെന്നും ജോസഫ് ടാജറ്റ് വ്യക്തമാക്കി. മറ്റത്തൂരിലെ കൂറുമാറ്റത്തിൽ ഡിസിസി നേതൃത്വത്തെ പഴിച്ചുകൊണ്ടാണ് ഇന്നലെ ബിജെപിക്കൊപ്പം ചേര്‍ന്ന് ഭരണം പിടിച്ച പുറത്താക്കപ്പെട്ട കോണ്‍ഗ്രസ് അംഗങ്ങള്‍ രംഗത്തെത്തിയത്. കോൺഗ്രസ് വിമതനെ കൂട്ടുപിടിച്ച് ഇടതുമുന്നണി അധികാരത്തിലെത്താന്‍ നടത്തിയ നീക്കത്തെ പ്രതിരോധിക്കാനായാണ് ബിജെപി പിന്തുണ സ്വീകരിച്ചതെന്നാണ് പാർട്ടി പ്രാഥമിക അംഗത്വം തന്നെ രാജിവെച്ച് വോട്ടെടുപ്പിനെത്തിയ അംഗങ്ങളുടെ വാദം.
കോൺഗ്രസിൽ തുടരാൻ ആഗ്രഹിക്കുന്നെന്ന് പറയുന്നതിനൊപ്പം തന്നെ ബിജെപി പിന്തുണയോടെ കിട്ടിയ പദവികള്‍ രാജിവെയ്ക്കില്ലെന്നാണ് ഇന്നലെ വാര്‍ത്താസമ്മേളനത്തിൽ നേതാക്കള്‍ വ്യക്തമാക്കിയത്. മറ്റത്തൂര്‍ പഞ്ചായത്തില്‍ എട്ടുപേരാണ് കോണ്‍ഗ്രസ് ചിഹ്നത്തില്‍ വിജയിച്ചത്. കോണ്‍ഗ്രസ് വിമതരായി രണ്ടുപേരാണ് മത്സരിച്ചു വിജയിച്ചവര്‍. ഇടതു മുന്നണിക്ക് പത്ത് സീറ്റും ബിജെപിക്ക് നാലു സീറ്റുമാണ് ലഭിച്ച്. 10-10 എന്ന തുല്യ നിലയില്‍ വോട്ടു വന്നാല്‍ നറുക്കെടുപ്പിലൂടെ ഭരണം തീരുമാനിക്കുമെന്ന് കരുതിയിടത്തുണ്ടായ അട്ടിമറിയാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് കരുതിയ വിമതൻ കെ ആര്‍ ഔസേപ്പിനെ സിപിഎം റാഞ്ചിയതിന്‍റെ പ്രതികാരമായിട്ടായിരുന്നു ബിജെപി പിന്തുണയില്‍ ഭരണം പിടിച്ചതെന്നാണ് കൂറുമാറിയവര്‍ വിശദീകരിക്കുന്നത്.'



