
കൊല്ലം: ബൈപ്പാസ് ഉദ്ഘാടന ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാരുടെയും എംഎൽഎമാരുടെയും റോഡ് ഷോ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ബൈപ്പാസ് ജനങ്ങള്‍ക്ക് സമര്‍പ്പിച്ച ശേഷമാകും റോഡ് ഷോ.
കൊല്ലം എം പി എൻ കെ പ്രേമചന്ദ്രനും റോഡ് ഷോയില്‍ പങ്കെടുക്കാന്‍ ക്ഷണം നല്‍കിയിട്ടുണ്ട്. ഔദ്യോഗിക പരിപാടിയാണെങ്കിൽ പങ്കെടുക്കുമെന്ന് പ്രേമചന്ദ്രൻ വ്യക്തമാക്കി. ആരൊക്കെ റോഡ് ഷോയില്‍ ഉണ്ടാകും എന്ന കാര്യത്തില്‍ അല്‍പ്പസമയത്തിനകമേ തീരുമാനമാകു.
അതേസമയം ബൈപ്പാസ് ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്ലത്ത് എത്തി. തിരുവനന്തപുരത്തെ വ്യോമസേന വിമാനത്താവളത്തിന്‍റെ ടെക്നിക്കല്‍ ഏരിയയിൽ വൈകിട്ട് നാല് മണിയോടെ വിമാനമിറങ്ങിയ മോദി ഇവിടെ നിന്നും ഹെലികോപ്ടര്‍ മാര്‍ഗ്ഗത്തിലാണ് കൊല്ലത്ത് എത്തിയത്.
ആശ്രമം മൈതാനത്ത് അഞ്ച് മണിക്കാണ് ബൈപ്പാസ് ഉദ്ഘാടനം. മേവറം മുതൽ കാവനാട് ആൽത്തറമൂട് വരെ 13.14 കിലോമീറ്റർ ദൂരമുള്ള ബൈപ്പാസാണ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കുന്നത്. ഏറെ വിവാദങ്ങള്‍ക്കിടയിലാണ് ബൈപ്പാസ് ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി കേരളത്തിലെത്തിയിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ പി സദാശിവവും ഉള്‍പ്പെടെ പന്ത്രണ്ട് പേര്‍ക്കാണ് വേദിയില്‍ ഇരിപ്പിടം ഉള്ളത്. കൊല്ലം എംഎൽഎ മുകേഷിനൊപ്പം നേമം എംഎൽഎ ഒ രാജഗോപാലും വേദിയിലുണ്ടാവും. ബിജെപി രാജ്യസഭാ എംപിമാരായ സുരേഷ് ഗോപിയും വി മുരളീധരനും വേദിയിൽ ഇടമുണ്ട്. മറ്റ് എംപിമാരായ എൻ കെ പ്രേമചന്ദ്രൻ, കെ സോമപ്രസാദ് എന്നിവരും കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന് പുറമേ മന്ത്രിമാരായ ജെ മേഴ്സിക്കുട്ടിയമ്മ, ജി സുധാകരൻ, കെ രാജു എന്നിവരും വേദിയിലുണ്ടാവും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam