മൂന്നാറിലെ ചെറുകിട കയ്യേറ്റം; റിപ്പോര്‍ട്ട് നല്‍കണമെന്ന റവന്യൂ വകുപ്പിനോട് മുഖ്യമന്ത്രി

By Web DeskFirst Published Apr 29, 2017, 6:44 AM IST
Highlights

തിരുവനന്തപുരം: മൂന്നാറിലെ ചെറുകിട കയ്യേറ്റങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ റവന്യുവകുപ്പിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. ഏഴിന് ചേരുന്ന സര്‍വ്വകക്ഷിയോഗത്തിന് മുന്നോടിയായാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.  റവന്യു വകുപ്പ് തയ്യാറാക്കിയ വന്‍കിട കയ്യേറ്റക്കാരുടെ പ്രാഥമിക പട്ടികയില്‍ എംഎം മണിയുടെ സഹോദരന്‍ ലംബോദരനും സ്പിരിറ്റ് ഇന്‍ ജീസസും ഉള്‍പ്പെട്ടതായാണ് വിവരം.

മൂന്നാര്‍ കയ്യേറ്റവും ഒഴിപ്പിക്കലും വന്‍വിവാദമാകുമ്പോഴാണ് ചെറുകിട കയ്യേറ്റങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. ഭൂമി കയ്യേറി വീട് വെച്ചവരുടേതടക്കമുള്ള മുഴുവന്‍ വിവരങ്ങളും നല്‍കാനാണ് റവന്യവകുപ്പിനോട് ആവശ്യപ്പെട്ടത്. എത്ര വര്‍ഷമായി ഭൂമി കയ്യേറിയെന്നും നിര്‍മ്മിച്ച് കെട്ടിടങ്ങളുടെ പൂര്‍ണ്ണ വിവരങ്ങളും നല്‍കാനാണ് നിര്‍ദ്ദേശം. സര്‍വ്വ കക്ഷിയോഗം ചേരുന്ന 7 ന് മുമ്പ് റിപ്പോര്‍ട്ട് നല്‍കാന്‍ റവന്യുമന്ത്രി ഇടുക്കി കലക്ടറോടാവശ്യപ്പെട്ടു. 

റവന്യുമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം റവന്യു ഉദ്യോഗസ്ഥര്‍ വന്‍കിട കയ്യേറ്റക്കാരുടെ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുകയാണ്. വന്‍കിട കയ്യേറ്റക്കാരുടെ പ്രാഥമിക പട്ടികയില്‍ എംഎം മണിയുടെ സഹോദരന്‍ ലംബോദരനും സ്പിരിറ്റ് ഇന്‍ ജീസസും  ഉള്‍പ്പെട്ടതായാണ് വിവരം. ചിന്നക്കനാലില്‍ ലംബോദരന്‍ 240 ഏക്കറും പാപ്പാത്തിച്ചോലയില്‍ സ്പിരിറ്റ് ഇന്‍ ജീസസ് 300 ഏക്കറും കയ്യേറിയെന്നാണ്  റവന്യു ഉദ്യോഗസ്ഥരുടെ കണ്ടെത്തലെന്നാണ് സൂചന.

ഉദ്യോഗസ്ഥരുടെ പ്രാഥമിക റിപ്പോര്‍ട്ടുകള്‍ ചേര്‍ത്ത് അടുത്ത ദിവസം ഇടുക്കി കലക്ടര്‍ വന്‍കിടക്കാരുടെ അന്തിമ പട്ടിക സര്‍ക്കാറിന് നല്‍കും. വന്‍കിട ചെറുകിട കയ്യേറ്റക്കാരെ കുറിച്ചുള്ള റിപ്പോര്‍ട്ടിന്മേല്‍ സര്‍വ്വകക്ഷിയോഗം ചര്‍ച്ച ചെയ്ത് തുടര്‍ നടപടിയെടുക്കും. സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട കയ്യേറ്റങ്ങളില്‍ മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാടാണ് ശ്രദ്ധേയം. ഒഴിപ്പിക്കലിനെ ചൊല്ലി സിപിഎം-സിപിഐ പോര് രൂക്ഷമാണ്.  മണിയോടും മറ്റ് പാര്‍ട്ടിക്കാരോടും ആലോചിച്ചുള്ള ഒഴിപ്പിക്കല്‍ എന്ന മുഖ്യമന്ത്രിയുടെ മുന്‍ നിലപാട് സിപിഐ തള്ളിയിരുന്നു.

click me!