കോടനാട് എസ്റ്റേറ്റ് കൊലപാതകം: രണ്ട് പ്രതികളും വാഹനാപകടത്തില്‍; ഒന്നാം പ്രതിമരിച്ചു

By Web DeskFirst Published Apr 29, 2017, 6:35 AM IST
Highlights

നീലഗിരി: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള നീലഗിരിയിലെ കോടനാട് എസ്റ്റേറ്റ് കൊലപാതക കേസുമായി ബന്ധപ്പെട്ട് നാടകീയ സംഭവങ്ങൾ. എസ്റ്റേറ്റിലെ കാവൽക്കാരനായിരുന്ന നേപ്പാൾ സ്വദേശി ഓം ബഹദൂറിനെ കൊലപ്പെടുത്തിയവരെന്ന് സംശയിക്കുന്ന രണ്ടു പേരുടെ വാഹനങ്ങൾ കേരളത്തിലും തമിഴ്നാട്ടിലുമായി അപകടത്തിൽപെട്ടു. കേസിലെ ഒന്നാം പ്രതിയെന്ന് പോലീസ് സംശയിക്കുന്ന കനകരാജ് പുലർച്ചെ സേലത്തുണ്ടായ അപകടത്തിൽ മരിച്ചു.

ഇതിന് പിന്നാലെയാണ് കേസിലെ രണ്ടാം പ്രതിയായ കെ.വി.സയൻ എന്നയാളുടെ വാഹനം പാലക്കാട്ട് അപകടത്തിൽപെട്ടത്. സയന് ഒപ്പമുണ്ടായിരുന്ന ഭാര്യയും മകളും അപകടത്തിൽ മരിച്ചു. ഗുരുതരമായി പരിക്കേറ്റ സയൻ കോയന്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

തിങ്കളാഴ്ച പുലർച്ചെയാണ് ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ കാവൽക്കാരൻ മോഷണശ്രമത്തിനിടെ കൊല്ലപ്പെടുന്നത്. തുടർന്ന് തമിഴ്നാട് പോലീസ് നടത്തിയ അന്വേഷണത്തിൽ കനകരാജിനും സയനും കേസിൽ പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇവർക്കായി തമിഴ്നാട്ടിലും കേരളത്തിന്‍റെ അതിർത്തി ജില്ലകളിലും പോലീസ് തെരച്ചിൽ നടത്തിവരുന്നതിനിടെയാണ് ഓരേ ദിവസം രണ്ടിടത്ത് പ്രതികളുടെ വാഹനങ്ങൾ അപകടത്തിൽപെടുന്നത്.

സേലത്തെ അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും പാലക്കാട് കണ്ണാടിയിലുണ്ടായ അപകടം ബോധപൂർവമാണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. പോലീസ് പിന്തുടരുന്നത് മനസിലാക്കിയ പ്രതികൾ അപകടം വരുത്തിവച്ചതാണെന്നാണ് സംശയമുയർന്നിരിക്കുന്നത്. സയൻ ഓടിച്ച കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ശക്തിയിൽ ലോറിക്കടിയിൽ കുടുങ്ങിയ കാർ ഫയർഫോഴ്സ് എത്തി പൊളിച്ചാണ് ഉള്ളിലുള്ളവരെ പുറത്തെടുത്തത്. സയന്‍റെ ഭാര്യ വിനുപ്രിയയും മകൾ അഞ്ച് വയസുകാരി നീതുവുമാണ് അപകടത്തിൽ മരിച്ചത്.

അപകടത്തിൽ ദുരൂഹത തോന്നി പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് തമിഴ്നാട് പോലീസ് തെരയുന്ന സയനാണ് അപകടത്തിൽപെട്ടതെന്ന് തിരിച്ചറിഞ്ഞത്. സയന്‍റെ വാഹനം അപകടത്തിൽപെട്ട വിവരം കേരള പോലീസ് തമിഴ്നാട് പോലീസിനെ അറിയിച്ചിട്ടുണ്ട്. 

click me!