കാക്കി നിക്കറിലാണ് മോദിയുടെ മനസ്; ശബരിമലയിലെ പരിവാർ അജണ്ട കേരളത്തിൽ നടക്കില്ല: പിണറായി

By Web TeamFirst Published Jan 28, 2019, 9:58 PM IST
Highlights

പ്രധാനമന്ത്രി സ്ഥാനമല്ല, ആർഎസ്എസിന്‍റെ പ്രചാരക് സ്ഥാനമാണ് മോദിക്ക് വലുത്. നൂറ്റാണ്ടുകളായി പിന്തുടരുന്ന സംസ്കാരം കമ്യൂണിസ്റ്റുകാർ അട്ടിമറിക്കുന്നു എന്നാണ് പ്രധാനമന്ത്രിയുടെ വിമർശനം. ശരിയാണ്, ചില രീതികൾ കമ്യൂണിസ്റ്റുകാർ അട്ടിമറിച്ചിട്ടുണ്ടെന്ന് പിണറായി പറഞ്ഞു.

തിരുവനന്തപുരം: പ്രധാനമന്ത്രി സ്ഥാനമല്ല, ആർഎസ്എസിന്‍റെ പ്രചാരക് സ്ഥാനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വലുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനസർക്കാർ കേരളസംസ്കാരത്തെ തകർക്കുകയാണ് എന്ന മോദിയുടെ വിമർശനത്തിന് മറുപടി പറയുകയായിരുന്നു പിണറായി. കാക്കി നിക്കറിലാണ് മോദിയുടെ മനസെന്ന് പിണറായി പരിഹസിച്ചു. പ്രധാനമന്ത്രിക്ക് ആ സ്ഥാനത്തേക്കാൾ വലുത് ആർഎസ്എസ് ആണെങ്കിലും ആർഎസ്എസ് അജണ്ട പ്രകാരമല്ല രാജ്യത്ത് കാര്യങ്ങൾ നടക്കുന്നത്. ശബരിമലയെ ഉപയോഗിച്ച് സംഘപരിവാർ ലക്ഷ്യമിടുന്ന അജണ്ട കേരളത്തിൽ നടക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇക്കാര്യത്തിൽ മോദിയുടെ വിഷമം തനിക്ക് മനസിലാകും. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള പ്രസംഗത്തിന്‍റെ ഭൂരിഭാഗം സമയവും പ്രധാനമന്ത്രിക്ക് മറുപടി പറയാനാണ് മുഖ്യമന്ത്രി ഉപയോഗിച്ചത്. 

കേരള സംസ്കാരത്തെ തകർക്കുന്ന കാര്യങ്ങൾ കേരളത്തിൽ നടന്നു എന്ന് താൻ പ്രധാനമന്ത്രിയോട് അങ്ങോട്ട് പറയുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പക്ഷേ അങ്ങനെ പെരുമാറിയത് പ്രധാനമന്ത്രിയുടെ തന്നെ അനുയായികളാണ്. സുപ്രീം കോടതി വിധി അനുസരിച്ച് ശബരിമല ദർശനത്തിനായി എത്തിയ സ്ത്രീകളെ ഒരുകൂട്ടം കശ്മലൻമാരായ അക്രമികൾ അടിച്ചോടിക്കുകയാണ് ചെയ്തത്. ആർഎസ്എസുകാർ ശബരിമലയിലെ പല ആചാരങ്ങളും ലംഘിച്ചു. ഇതൊന്നും അറിയാത്ത ആളല്ല പ്രധാനമന്ത്രിയെന്ന് പിണറായി പറഞ്ഞു. അവർക്കെതിരെയാണ് പ്രധാനമന്ത്രി പ്രതികരിക്കേണ്ടത്.

വീഡിയോ കാണാം

"

സ്ത്രീകളോടുള്ള വിവേചനം ഭരണഘടന പ്രതിപാദിക്കുന്ന മൗലികാവകാശത്തിന് എതിരാണെന്ന് കണ്ടായിരുന്നു ശബരിമല കേസിൽ സുപ്രീം കോടതി ഭരണഘടനാബഞ്ചിന്‍റെ വിധി. അതിന് പിന്നാലെ പ്രധാനമന്ത്രിയുടെ ആഭ്യന്തരവകുപ്പ് തന്നെ സുപ്രീംകോടതി വിധി നടപ്പാക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാരിന് കത്തയക്കുകയും ചെയ്തു. കോടതിവിധി നിറവേറ്റാൻ ഭരണഘടനാപരമായ ചുമതലയുള്ള സംസ്ഥാന സർക്കാർ ആ ബാധ്യത നിറവേറ്റി. എന്നിട്ടിപ്പോൾ കേരള സർക്കാരിനെപ്പറ്റി ദുസ്സൂചനയുള്ള പരാമർശമാണ് പ്രധാനമന്ത്രി നടത്തിയത്. സ്വന്തം അനുയായികൾ നടത്തിയ കോപ്രായത്തിന് എതിരായാണ് പ്രധാനമന്ത്രി പ്രതികരിക്കേണ്ടത്.

നൂറ്റാണ്ടുകളായി പിന്തുടർന്ന സംസ്കാരം കമ്യൂണിസ്റ്റുകാർ അട്ടിമറിക്കുന്നു എന്നാണ് പ്രധാനമന്ത്രിയുടെ വിമർശനം. ശരിയാണ്, ചില രീതികൾ കമ്യൂണിസ്റ്റുകാർ അട്ടിമറിച്ചിട്ടുണ്ട്. നാടുവാഴിത്ത രീതികളും ജന്മിത്വ വ്യവസ്ഥകളും അട്ടിമറിച്ചത് കമ്യൂണിസ്റ്റുകാരാണ്. നാട്ടിലെ തൊഴിലാളിയെ ആത്മാഭിമാനത്തോടെ തല ഉയർത്തി നിൽക്കുന്ന വർഗ്ഗബോധമുള്ളവരാക്കി മാറ്റിയത് കമ്യൂണിസ്റ്റുകാർ നടത്തിയ സമരങ്ങളിലൂടെയാണ്. നാടിന്‍റെ സംസ്കാരത്തെ അട്ടിമറിക്കുന്നവരെ പിന്തുണയ്ക്കുന്ന പ്രധാനമന്ത്രിക്ക് കേരളത്തിലേക്ക് നോക്കുമ്പോൾ പ്രയാസമുണ്ടാകുമെന്നും പിണറായി പറഞ്ഞു.

മൂസ്ലീങ്ങളേയും ക്രിസ്ത്യാനികളേയും കമ്യൂണിസ്റ്റുകളേയും ശത്രുക്കളായി കരുതിയ ഹിറ്റിലറുടെ തത്വശാസ്ത്രം പൂർണ്ണമായി കടംകൊണ്ടവരാണ് സംഘപരിവാറുകാർ. ഈ നാട് എന്താണെന്നറിയാതെ ആ തത്വശാസ്ത്രവുമായി ഇവിടെ ഇടപെടരുത്. അത് ഇപ്പോഴിരിക്കുന്ന സ്ഥാനത്തിന് ചേർന്നതല്ല എന്ന് മാത്രമേ തനിക്ക് മോദിയോട് പറയാനുള്ളൂവെന്ന് പിണറായി പറഞ്ഞു. ഇത്രയുമെങ്കിലും  മറുപടി പറഞ്ഞില്ലെങ്കിൽ അത് ചരിത്രത്തോട് ചെയ്യുന്ന കുറ്റമായിരിക്കുമെന്നും പിണറായി വിജയൻ കൂട്ടിച്ചേ‍ർത്തു.

വീഡിയോ കാണാം

"

click me!