ഓഖി ദുരന്തം: മത്സ്യത്തൊഴിലാളികളോട് കേന്ദ്രസർക്കാർ വാ​ഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Dec 1, 2018, 8:16 AM IST
Highlights

കേരളം ആവശ്യപ്പെട്ട സാമ്പത്തിക പാക്കേജ് കേന്ദ്രം ഇപ്പോഴും കണ്ടില്ലെന്ന് നടിക്കുകയാണെന്ന മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഓഖി ദുരന്ത വാർഷികവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടത്തിയ ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ കേന്ദ്രത്തിനെതിരായ വിമർശനം.
 

തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ മത്സ്യത്തൊഴിലാളികൾക്ക് നൽകിയ വാഗ്ദാനങ്ങൾ  കേന്ദ്ര സർക്കാർ പാലിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 133 കോടി രൂപയാണ് കേന്ദ്രസർക്കാർ ഓഖി ദുരന്തബാധിതർക്കായി അനുവദിച്ചത്. 422 കോടി അടിയന്തിര സഹായമാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. കേരളം ആവശ്യപ്പെട്ട സാമ്പത്തിക പാക്കേജ് കേന്ദ്രം ഇപ്പോഴും കണ്ടില്ലെന്ന് നടിക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഓഖി ദുരന്ത വാർഷികവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടത്തിയ ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ കേന്ദ്രത്തിനെതിരായ വിമർശനം.

മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് 108 കോടി ലഭിച്ചപ്പോൾ 110 കോടിയുടെ പദ്ധതികൾക്കാണ് ഭരണാനുമതി നൽകിയത്. എന്നിട്ടും സംസ്ഥാന സർക്കാർ തുക വക മാറ്റുന്നെന്ന് ചിലർ വ്യാജ പ്രചാരണം നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഐഎസ്ആർഓ സഹായത്തോടെ നിർമ്മിച്ച നാവിക ഉപകരണങ്ങളുടെ വിതരണോദ്ഘാടനവും ചടങ്ങിൽ നടന്നു. 

പുറംകടലിൽ പോയ മത്സ്യത്തൊഴിലാളികളെ കാലാവസ്ഥ വ്യതിയാനങ്ങൾ യഥാസമയം അറിയിക്കാൻ ഈ ഉപകരണങ്ങള്‍ക്ക് കഴിയും. 1500 കിലോമീറ്റർ ദൂരത്തിൽ റേഞ്ച് ലഭിക്കും.15000 മത്സ്യബന്ധന യാനങ്ങളിൽ നാവിക് വിതരണം ചെയ്യാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ആദ്യഘട്ടമായി 500 ഉപകരണങ്ങളാണ് നൽകിയത്. 5000 ഉപകരണങ്ങൾ കൂടി നിർമ്മിച്ച് നൽകാനുള്ള കരാറിൽ സർക്കാരും കെൽട്രോണും ഒപ്പുവച്ചു. ഇത് കൂടാതെ 1000 സാറ്റ് ലൈറ്റ് ഫോണുകളും, 4000 ലൈഫ് ജാക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു.

click me!