സന്ദീപാനന്ദഗിരിയ്ക്ക് നേരെ നടന്നത് വധശ്രമം: മുഖ്യമന്ത്രി

Published : Oct 27, 2018, 10:08 AM ISTUpdated : Oct 27, 2018, 11:02 AM IST
സന്ദീപാനന്ദഗിരിയ്ക്ക് നേരെ നടന്നത് വധശ്രമം: മുഖ്യമന്ത്രി

Synopsis

ഇന്ന് പുലർച്ചെ ആക്രമണം നടന്ന സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. മന്ത്രി തോമസ് ഐസക്കും മുഖ്യമന്ത്രിയ്ക്ക് ഒപ്പമുണ്ടായിരുന്നു. സന്ദീപാനന്ദഗിരിയുടെ തിരുവവന്തപുരം കുണ്ടമൺകടവിലെ സാളഗ്രാമം എന്ന ആശ്രമത്തിന് നേരെയാണ് ഇന്ന് പുലർച്ചെ ആക്രമണമുണ്ടായത്.

തിരുവനന്തപുരം: അജ്ഞാതർ ആക്രമിച്ച സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിൽ മുഖ്യമന്ത്രി സന്ദർശനം നടത്തി. ധനമന്ത്രി തോമസ് ഐസകിനും പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജനുമൊപ്പമാണ് മുഖ്യമന്ത്രി തിരുവനന്തപുരം കുണ്ടമൺ കടവിലെ 'സാളഗ്രാമം' എന്ന ആശ്രമത്തിലെത്തിയത്.സ്വാമി  സന്ദീപാനന്ദഗിരിയെ കൊല്ലാനുള്ള ശ്രമമാണ് നടന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വാമിയ്ക്ക് കൃത്യമായ സുരക്ഷ പൊലീസ് ഒരുക്കും. ഇതുമായി ബന്ധപ്പെട്ട കുറ്റവാളികൾ ആരായാലും അവരെ കണ്ടെത്താൻ പൊലീസ് സന്നദ്ധമാകും. ആശ്രമത്തിന് കേടുപാടുകളുണ്ട്. സംഘപരിവാറിന്‍റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട സ്വാമിയെ നമുക്ക് ഹൃദയത്തിൽ സ്വീകരിയ്ക്കാം. ഇപ്പോൾ നശിപ്പിയ്ക്കപ്പെട്ടത് ആശ്രമം മാത്രമാണ്, സ്വാമിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
ഹീനമായ ഗൂഢാലോചനയുടെ ഭാഗമായി സംഭവിക്കുമായിരുന്ന അത്യാപത്തിൽ നിന്നാണ് സന്ദീപാനന്ദഗിരി രക്ഷപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ''ഋഷിതുല്യമായ ജീവിതം നയിച്ച മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ ശക്തികൾ നമ്മുടെ രാജ്യത്ത് തുടർന്നും ആക്രമണങ്ങൾ നടത്തി വരികയാണ്. കേരളത്തിന്‍റെ മതനിരപേക്ഷമനസ്സിനെ തകർക്കാൻ വേണ്ടി നടക്കുന്ന വർഗീയശക്തികളെ തുറന്നുകാണിയ്ക്കുന്ന സ്വാമി സന്ദീപാനന്ദഗിരി എല്ലാകാലത്തും സംഘപരിവാറിന്‍റെ കണ്ണിലെ കരടാണ്. കുറച്ചുകാലം മുമ്പ് ഈ ആശ്രമത്തിന് നേരെത്തന്നെ ചില നീക്കങ്ങൾ സംഘപരിവാറിന്‍റെ ഭാഗത്തു നിന്നുണ്ടായിരുന്നു. സ്വാമിയെ ഭീഷണിപ്പെടുത്താനായിരുന്നു ശ്രമം. സംഘപരിവാറിന് മനസ്സിലാകാത്ത ഒരു കാര്യമുണ്ട്. യഥാർഥ സന്യാസിമാർ ആരെയാണ് ഭയപ്പെടേണ്ടത്? കപട സന്യാസിമാരെ മാത്രമേ ഇവർക്ക് ഭയപ്പെടുത്താനാകൂ.''
 
''സ്വാമി തന്‍റെ ദൗത്യവുമായി മുന്നോട്ടുപോകും. നവോത്ഥാനനായകർ വഹിയ്ക്കുന്ന പങ്കാണ് സ്വാമി സന്ദീപാനന്ദഗിരി ചെയ്തുകൊണ്ടിരിക്കുന്നത്. അത്തരമൊരാളെ ഉന്മൂലനം ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ഇന്ന് പുലർച്ചെ ഇത്തരമൊരു നീക്കം നടത്തിയത് എന്ന് വ്യക്തമാണ്. കേരളത്തിലെ മതനിരപേക്ഷമനസ്സാകെ, സ്വാമിജിയുടെ ഒപ്പമുണ്ട്.'' സ്വാമി സന്ദീപാനന്ദഗിരിയ്ക്ക് ഇനിയും തന്‍റെ ദൗത്യം കൃത്യമായ രീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ കഴിയട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് പുലർച്ചെയാണ് ഒരു സംഘം അക്രമികൾ സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന രണ്ട് കാറുകളും ഒരു ബൈക്കും പെട്രോളൊഴിച്ച് കത്തിച്ചത്. തീപിടിത്തത്തിൽ വീടിന്‍റെ മേൽക്കൂരയ്ക്കും കേടുപാടുകൾ പറ്റി. ആശ്രമത്തിന് മുന്നിൽ റീത്ത് വച്ചാണ് ആക്രമികള്‍ മടങ്ങിയത്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഡെപ്യൂട്ടി മേയർ സ്ഥാനം പങ്കിടാൻ ധാരണയില്ല; മുസ്ലിം ലീഗിന്റെ ഡെപ്യൂട്ടി മേയർ അവകാശവാദം തള്ളി എറണാകുളം ഡിസിസി
'ഭ്രാന്ത് കൊണ്ട് വെറുപ്പുണ്ടാക്കുന്നവരെ എന്താണ് പറയേണ്ടത്'?; കരോൾ സംഘങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ ക്ലീമിസ് കത്തോലിക്കാ ബാവ