അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി

By Web DeskFirst Published Jun 8, 2016, 6:52 AM IST
Highlights

തിരുവന്തപുരം: അഴിമതിക്കാരായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു സംരക്ഷണവും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ സംവിധാനം ഉദ്യോഗസ്ഥര്‍ക്കു വേണ്ടിയുള്ളതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജീവനക്കാര്‍ അഴിമതി മുക്തരാകണം. തങ്ങളുടെ മുന്നില്‍ എത്തുന്ന ഫയലുകളില്‍ നിശ്ചിത സമയത്തിന് ഉള്ളില്‍ തീരുമാനം എടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സെക്രട്ടേറിയറ്റില്‍ വിളിച്ചു ചേര്‍ത്ത, ജീവനക്കാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

ഫയല്‍ നോക്കുന്ന കാര്യത്തില്‍ നെഗറ്റീവായ സമീപനമാണ് നിലവില്‍ ഉള്ളത്. ജനങ്ങളുടെ ആവശ്യങ്ങള്‍ തള്ളി കളയുന്ന രീതിയാണിത്. ഇത് മാറിയേ തീരുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ എന്നത് ജീവനക്കാര്‍ക്കുവേണ്ടി നടത്തപ്പെടുന്ന ഒരു സംവിധാനമാണെന്ന ധാരണ പൊതുവെ ബലപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാത്തിനും ജീവനക്കാരെ കുറ്റം പറയുന്നില്ല. പക്ഷെ സമൂഹത്തെ ആകെ ബാധിച്ച അലസത ജീവനക്കാരിലും ഉണ്ട്. ഇത് മാറ്റിയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് ജീവനക്കാര്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഓഫീസ് കാര്യങ്ങള്‍ നോക്കുന്നതിനിടയ്‌ക്ക് സാഹിത്യ വാസന ഉണര്‍ത്താന്‍ നില്‍ക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

click me!