മഴക്കെടുതി; ഇടുക്കിയില്‍ വീട് തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു

By Web DeskFirst Published Jun 8, 2016, 6:50 AM IST
Highlights

രാവിലെ ആറരയോടെയാണ് വാഴവരക്കടുത്ത് കൗന്തിയിലുള്ള കിഴക്കേപറമ്പില്‍ ജോണിയുടെ വീടിനു മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞു വീണത്.  ജോണിയും ഭാര്യ ചിന്നമ്മയും മകന്‍ ജോബിയുമാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്.  രണ്ടു മുറി മാത്രമുള്ള ചെറിയ വീടായിരുന്നു.  ജോബി  കിടന്നിരുന്ന മുറിയുടെ മുകളിലേക്കാണ് വീടിനു മുകള്‍ ഭാഗത്തുണ്ടായിരുന്ന പാറ വീണത്.  ജോബി പാറക്കടിയില്‍ പെട്ടാണ് മരണമടഞ്ഞത്.  പിതാവാണ് വിവരം അയല്‍ക്കാരെ അറിയിച്ചത്.  അയല്‍ക്കാരെത്തി മണ്ണു നീക്കി ചിന്നമ്മയെ പുറത്തെടുത്തു.  ജോബി അപ്പോഴേക്കും മരണപ്പെട്ടിരുന്നു.
 
നാട്ടുകാര്‍ വിവരം അറിയച്ചതിനെ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സുമെത്തി ജോബിയുടെ മുകളില്‍ കിടന്നപാറ നീക്കം ചെയ്താണ് മൃതദേഹം പുറത്തെടുത്തത്. സംഭവ സ്ഥലത്തേക്ക് യാത്രായോഗ്യമായ വഴിയില്ലാത്തതും ഒറ്റപ്പെട്ട സ്ഥലമായതും രക്ഷാ പ്രവര്‍ത്തനം വൈകാന്‍ കാരണമായി. ഒറ്റയടിപ്പാതയിലൂടെ ഒരു കിലോമീറ്ററിലധികം ചുമന്നാണ് ജോബിയുടെ മൃതദേഹവും പരുക്കേറ്റ ചിന്നമ്മയെയും പുറത്തെത്തിച്ചത്. കാലിനു ഗുരുതരമായി പരുക്കേറ്റ ചിന്നമ്മ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

click me!