മുൻമന്ത്രി സി.എൻ.ബാലകൃഷ്ണന് വിട; തൃശ്ശൂരിൽ സംസ്കാരച്ചടങ്ങുകൾ നടന്നു

By Web TeamFirst Published Dec 12, 2018, 12:07 PM IST
Highlights

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുൻമന്ത്രി സി.എൻ. ബാലകൃഷ്ണൻ തിങ്കളാഴ്ചയാണ് അന്തരിച്ചത്.

അന്തരിച്ച മുൻ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സി.എൻ.ബാലകൃഷ്ണന്‍റെ മൃതദേഹം  സംസ്കരിച്ചു. തൃശൂര്‍ അയ്യന്തോളിലെ വീട്ടുവളപ്പിലാണ് സംസ്കാരചടങ്ങുകള്‍ നടന്നത്. 

മന്ത്രിമാരായ എ.സി.മൊയ്തീൻ, വി.എസ്.സുനിൽ കുമാർ കോൺഗ്രസ് നേതാക്കളായ വി.എം.സുധീരൻ, പി.സി.ചാക്കോ ഉൾപ്പെടെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക രംഗത്തെ നിരവധി പേരാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി  അര്‍പ്പിക്കാനെത്തിയത്.

ദീർഘകാലം തൃശൂർ ഡി.സി.സി പ്രസിഡൻറും കെ.പി.സി.സി ട്രഷററുമായിരുന്നു. പത്താം ക്ലാസ് പാസ്സായതിനു ശേഷം പൊതുരംഗത്തിറങ്ങിയ സി.എൻ. തന്‍റേടത്തോടെ ഓരോ മേഖലയും കീഴടക്കിയത് അസാമാന്യമായ മനസാന്നിദ്ധ്യത്തോടെയായിരുന്നു. 2011-ലെ തെരഞ്ഞെടുപ്പിലാണ് സി.എൻ ബാലകൃഷ്ണൻ ആദ്യമായി സംസ്ഥാന നിയമസഭയിലേക്ക് മത്സരിച്ചത്. 

ഉമ്മൻചാണ്ടി മന്ത്രി സഭയിൽ സഹകരണ, ഖാദി വകുപ്പ് മന്ത്രിയായിരുന്നു. വടക്കാഞ്ചേരി മണ്ഡലത്തിൽ നിന്ന് മത്സരിച്ച അദ്ദേഹം സി.പി.എമ്മിലെ എൻ.ആർ.ബാലനെതിരെ 6685 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരം എൽ.പി. സ്കൂൾ അധ്യാപികയായിരുന്ന തങ്കമണിയാണ് ഭാര്യ. തൃശൂർ കോർപ്പറേഷൻ കൗൺസിലർ ഗീത, മിനി എന്നിവർ മക്കളാണ്.

click me!