ന്യൂനമര്‍ദ്ദം: പാളിച്ചകളില്ലാത്ത പ്രവര്‍ത്തനങ്ങളുമായി തീരസംരക്ഷണ സേന

By Web TeamFirst Published Oct 8, 2018, 7:52 AM IST
Highlights

ന്യൂനമര്‍ദ്ദം ഉണ്ടായ സാഹചര്യത്തില്‍ ഉള്‍ക്കടലില്‍ ഒരാഴ്ച കൂടി നീരീക്ഷണം തുടരുമെന്ന് തീരസംരക്ഷണ സേന. മലയാളത്തിലും തമിഴിലും തീരസംരക്ഷണ സേനയുടെ കപ്പലുകളും ഡോണിയര്‍ വിമാനങ്ങളും നല്‍കിയ മുന്നറിയിപ്പാണ് ഒട്ടുമിക്ക മത്സ്യത്തൊഴിലാളികളെയും തിരിച്ചെത്തിക്കാൻ സഹായിച്ചത്.

കൊച്ചി: ന്യൂനമര്‍ദ്ദം ഉണ്ടായ സാഹചര്യത്തില്‍ ഉള്‍ക്കടലില്‍ ഒരാഴ്ച കൂടി നീരീക്ഷണം തുടരുമെന്ന് തീരസംരക്ഷണ സേന. മലയാളത്തിലും തമിഴിലും തീരസംരക്ഷണ സേനയുടെ കപ്പലുകളും ഡോണിയര്‍ വിമാനങ്ങളും നല്‍കിയ മുന്നറിയിപ്പാണ് ഒട്ടുമിക്ക മത്സ്യത്തൊഴിലാളികളെയും തിരിച്ചെത്തിക്കാൻ സഹായിച്ചത്.

ന്യൂനമര്‍ദ്ദ മുന്നറിയിപ്പ് സര്‍ക്കാര്‍ ആദ്യം പുറപ്പെടുവിച്ചപ്പോള്‍ ഏറ്റവും ആശങ്കയുണര്‍ന്നത് തീരങ്ങളിലാണ്.750 ലധികം യന്ത്രബോട്ടുകള്‍ ആഴക്കടലില്‍ തീരത്ത് നിന്ന് 200 നോട്ടിക്കല്‍ മൈല്‍ അകലെ മത്സ്യബന്ധനം നടത്തുകയായിരുന്നു.സംസ്ഥാന സര്‍ക്കാരിന്‍റെ സാറ്റലൈറ്റ് ഫോണും സീമൊബൈലും സാഗര ആപ്പും നോക്കുകുത്തിയായപ്പോഴാണ് വിവരമറിയിക്കാനുള്ള ദൗത്യം കോസ്റ്റ്ഗാര്‍ഡ് ഏറ്റെടുത്തത്.

രണ്ട് ദിവസം മുൻപ് തന്നെ കോസ്റ്റ്ഗാര്‍ഡിന്‍റെ കപ്പലുകള്‍ 70 നോട്ടിക്കല്‍ മൈല്‍ ദൂരെ എത്തി.ബോട്ടുകളെയും വള്ളങ്ങളെയും കൃത്യമായി നീരീക്ഷിച്ച ശേഷം മുന്നറിയിപ്പ് നല്‍കി. ഒമാൻ യെമൻ ഭാഗത്ത് ഡോണിയര്‍ വിമാനങ്ങളെത്തി മുന്നറിയിപ്പ് നല്‍കി.

നാല് വിമാനങ്ങളാണ് കോസ്റ്റ്ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കാനും ആവശ്യമെങ്കില്‍ രക്ഷാപ്രവര്‍ത്തനത്തിനും നിയോഗിച്ചത്. ലക്ഷദ്വീപ് കേന്ദ്രീകരിച്ചാണ് കപ്പലുകള്‍ മുന്നറിയിപ്പ് നല്‍കിയത്. കൊച്ചിയില്‍ കോസ്റ്റ് ഗാര്‍ഡിന്‍റെ കേന്ദ്രത്തില്‍ നിന്നും റേഡീയോ ഫ്രീക്വൻസി വഴിയും മുന്നറിയിപ്പ് നല്‍കുന്നുണ്ടായിരുന്നു. ഓഖിക്ക് ശേഷം കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളുമായി മത്സ്യത്തൊഴിലാളികള്‍ക്ക് സഹായമാവുകയാണ് കോസ്റ്റ് ഗാര്‍ഡ്.

click me!