Latest Videos

കൊക്കെയിന്‍; ഡുര സോല താമസിക്കാന്‍ തെരഞ്ഞെടുത്തത് ഫോര്‍ട്ട്കൊച്ചി

By Web DeskFirst Published May 10, 2018, 6:37 PM IST
Highlights
  • ആദ്യമായാണ് ജോണി ഇന്ത്യയില്‍ എത്തുന്നത്. ഇത് തന്റെ ആദ്യത്തെ മയക്കുമരുന്ന് കടത്താണെന്ന് ചോദ്യം ചെയ്യലിനിടെ ജോണി പറഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു

കൊച്ചി :  വിമാനത്താവളത്തില്‍ രണ്ടു കിലോ കൊക്കെയിനുമായി അറസ്റ്റിലായ എല്‍സാല്‍വദോര്‍ സ്വദേശി ഡുര സോല ജോണി അലക്‌സാണ്ടര്‍ താമസത്തിന് തെരഞ്ഞെടുത്തത് ഫോര്‍ട്ട്കൊച്ചി. കൊച്ചിയില്‍ എത്തുന്നതിന് മുമ്പ് തന്നെ ഫോര്‍ട്ട്കൊച്ചിയിലെ ഒരു ഹോംസ്റ്റേയില്‍ ഇയാള്‍ മുറി ബുക്ക് ചെയ്തിരുന്നു. ഫോര്‍ട്ട്കൊച്ചിയില്‍ താമസത്തിനായി ഇയാള്‍ മുറി ബൂക്ക് ചെയ്തിരുന്ന ഹോംസ്റ്റേയില്‍ എന്‍സിബി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. 

10 കോടിയുടെ കൊക്കെയിനുമായി പിടിയിലായ ഇയാളെ അങ്കമാലി കോടതി 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു. എല്‍സാല്‍വദോറില്‍ മൊബൈല്‍ റിപ്പയര്‍ കട നടത്തുന്ന ഇയാളെ പരിഭാഷകന്റെ സഹായത്തോടെ നാര്‍കോട്ടിക്‌സ് കണ്ട്രോള്‍ ബ്യൂറോ (NCB) ചോദ്യം ചെയ്തു വരികയാണ്. ഇതാദ്യമായല്ല ഇയാള്‍ കള്ളക്കടത്ത് നടത്തുന്നത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ അനുമാനം. സ്പാനിഷ് സംസാരിക്കുന്ന ഇയാള്‍ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാതെ ഒഴിഞ്ഞ് മാറുകയാണ്. 

ആദ്യമായാണ് ജോണി ഇന്ത്യയില്‍ എത്തുന്നത്. ഇത് തന്റെ ആദ്യത്തെ മയക്കുമരുന്ന് കടത്താണെന്ന് ചോദ്യം ചെയ്യലിനിടെ ജോണി പറഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ ഇയാള്‍ മറ്റ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ളതായാണ് പാസ്‌പോര്‍ട്ട് പരിശോധനയില്‍ നിന്ന് മനസിലായത്. കൊക്കെയിന്‍ ഇയാള്‍ കൊച്ചിയിലേക്കല്ല കൊണ്ടുവന്നത് എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇത്രയും ലഹരി മരുന്ന് ഒരു പ്രദേശത്ത് വിറ്റു പോകുക എളുപ്പമല്ല. ഇവിടെ നിന്ന് ഗോവ പോലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും മെട്രോ സിറ്റികളിലേക്കും കടത്താനായിരുന്നിരിക്കും പദ്ധതി എന്നാണ് നിഗമനം. 

ഇ-വിസ ഓണ്‍ അറൈവല്‍ സൗകര്യം പ്രയോജനപ്പെടുത്തിയാണ് ഇയാള്‍ കൊച്ചിയിലെത്തിയത്. ഒമ്പത്  ദിവസത്തെ കാലാവധി മാത്രമാണ് ഇതിന് ആദ്യം ലഭിക്കുക. വിസ കാലാവധി പിന്നീട് കുറച്ച് മാസത്തേക്ക് നീട്ടാനായിരുന്നു പദ്ധതി. എന്നാല്‍ ഇവിടെ ആര്‍ക്കാണ് ലഹരി മരുന്ന് കൈമാറേണ്ടിയിരുന്നത് എന്നതിനെപ്പറ്റി ഇനിയും വിവരം ലഭിച്ചിട്ടില്ല. 

ബ്രസീലിലെ സാവോപോളോയിലുള്ള കള്ളക്കടത്ത് സംഘത്തില്‍ നിന്നാകാം ഇത്ര അധികം കൊക്കെയിന്‍ ജോണിക്ക് ലഭിച്ചിട്ടുണ്ടാവുകയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. കഴിഞ്ഞ ആറ് മാസത്തിനിടെ ഇതേരീതിയില്‍ അറസ്റ്റിലായ കേസുകളില്‍ എല്ലാം കൊക്കെയിന്‍ കൊണ്ടുവന്നത് സാവോപോളോയില്‍ നിന്നായിരുന്നു. 

click me!