
കൊച്ചി: ഷിപ്പ്‍യാർഡിൽ കപ്പലിൽ പൊട്ടിത്തെറിയുണ്ടായ സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്‌സ് വിഭാഗത്തിന്‍റെ റിപ്പോർട്ട്. അറ്റകുറ്റപണി നടത്തും മുൻപ് സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. റിപ്പോർട്ട് തൊഴിൽ വകുപ്പിന് സമർപ്പിച്ചു
ഒഎൻജിസിയുടെ സാഗർ ഭൂഷൺ കപ്പലിൽ അറ്റകുറ്റപണിക്കിടെ സ്ഫോടനമുണ്ടായി അഞ്ച് പേർ മരിച്ച സംഭവത്തിൽ ഷിപ്പ്‍യാർഡ് അധികൃതരുടെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായെന്നാണ് കണ്ടെത്തിയിരിക്കുന്നത്. തീപ്പിടുത്തമുണ്ടാക്കാൻ സാധ്യതയുള്ള വാതകങ്ങളൊന്നും ഇല്ലെന്ന് ഓരോ ദിവസവും പണി തുടങ്ങും മുമ്പ് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്. കപ്പലിന് ഇത്തരത്തിൽ ഗ്യാസ് ഫ്രീ പെർമിറ്റ് ഉണ്ടായിരുന്നുവെന്നാണ് അപകടമുണ്ടായ ദിവസം ഷിപ്പ്‍യാർഡ് അധികൃതർ പറഞ്ഞത്. എന്നാൽ ഒരാഴ്ചക്കാലത്തേക്ക് നൽകിയ ഒരു പെർമിറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും സംഭവം നടന്ന ദിവസം പരിശോധന നടന്നതിന്‍റെ തെളിവുകളൊന്നും അധികൃതർക്ക് ഹാജരാക്കാനായില്ലെന്നും ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വിഭാഗം പറയുന്നു.
കപ്പൽ നിർമ്മാണത്തിന്‍റെയും അറ്റകുറ്റപണികളുടെയും ചുമതലയുള്ള രണ്ട് ജനറൽ മാനേജർമാർക്കാണ് സുരക്ഷാവീഴ്ചയുടെ ഉത്തരവാദിത്തമെന്നും തൊഴിൽ വകുപ്പിന് സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. വെൽഡിംഗിന് ഉപയോഗിച്ച അസറ്റിലീൻ വാതകം ചോർന്ന സമയത്ത് സ്വിച്ച് പ്രവർത്തിപ്പിച്ചപ്പോൾ സ്പാർക് ഉണ്ടായതോ ജീവനക്കാർ മൊബൈൽ ഫോൺ ഉപയോഗിച്ചതോ ആകാം തീപ്പിടുത്തത്തിലേക്ക് നയിച്ചത് എന്നാണ് വിലയിരുത്തൽ.
വസ്തുവകകൾ കത്തിനശിച്ചതിനാൽ ഇത് സംബന്ധിച്ച കൂടുതൽ തെളിവുകൾ ലഭിക്കാവുന്ന സാഹചര്യമല്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. തൊഴിൽ വകുപ്പിന് സമർപ്പിച്ച റിപ്പോർട്ടിൽ മേൽനടപടികൾ സ്വീകരിക്കാൻ നിർദ്ദേശം കിട്ടിയാലുടൻ കോടതി വഴിയുള്ള നിയമനടപടികൾ തുടങ്ങും. ഈ മാസം 13ന് നടന്ന പൊട്ടിത്തെറിയിൽ അഞ്ച് പേർ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam