തോമസ് ചാണ്ടിക്കെതിരായ കലക്ടറുടെ അന്തിമ റിപ്പോർട്ട് - പൂര്‍ണ്ണരൂപം വായിക്കാം

By Web DeskFirst Published Nov 6, 2017, 7:26 PM IST
Highlights

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടി നടത്തിയത് കടുത്ത നിയമലംഘനമെന്ന് ആലപ്പുഴ ജില്ലാ കലക്ടറുടെ അന്തിമ റിപ്പോർട്ട്. ഏഷ്യാനെറ്റ് ന്യൂസ് കണ്ടെത്തിയ നിയമലംഘനങ്ങളെല്ലാം ശരിവയ്ക്കുന്ന റിപ്പോര്‍ട്ടില്‍ അനധികൃതമായി നികത്തിയ റിസോര്‍ട്ടിനുമുന്നിലെ പാര്‍ക്കിംഗ് സ്ഥലവും അപ്രോച്ച് റോഡും പൊളിച്ച് നീക്കാന്‍ ഉത്തരവിടുമെന്നും അനുമതിയില്ലാതെ നിര്‍മ്മിച്ച വലിയകുളം സീറോ ജെട്ടി റോഡിന് സാധൂകരണം നല്‍കണോ എന്ന കാര്യം സര്‍ക്കാര്‍ തീരുമാനിക്കണമെന്നും പറയുന്നു. അന്നത്തെ കളക്ടര്‍ എന്‍ പത്മകുമാറിനെതിരെയും ആര്‍ഡിഒയ്ക്കെതിരെയും മറ്റ് വിവിധ വകുപ്പുകള്‍ക്കെതിരെയും ഗുരുതര പരാമര്‍ശമാണുള്ളത്.

റിപ്പോര്‍ട്ടിന്‍റെ ഒന്നാം ഭാഗം പൂര്‍ണ്ണരൂപം ഇവിടെ വായിക്കാം

മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിന് മുന്നില്‍ ടാറിംഗ് അവസാനിക്കുന്ന വലിയകുളം സീറോജെട്ടി റോഡ് നിർമ്മാണത്തിൽ ഗുരുതര  നിയമലംഘനമുണ്ടെന്ന് ജില്ലാ കലക്ടര്‍ കണ്ടെത്തി. സംസ്ഥാനതല നീരീക്ഷണ സമിതിയുടെ അനുമതിയില്ലാതെയാണ് റോഡ് നിര്‍മ്മിച്ചത്. വെറും രണ്ടര മീറ്റര്‍ മാത്രം വീതിയുണ്ടായിരുന്ന ബണ്ടാണ് 12 മീറ്റര്‍ വരെ വീതിയില്‍ നികത്തിയത്. റോഡിന് സാധൂകരണം നല്‍കണോ എന്ന് സര്‍ക്കാര്‍ തീരുമാനിക്കണം. ലേക് പാലസ് റിസോര്‍ട്ടിന് മുന്നില്‍ പാര്‍ക്കിംഗിന് അപ്രോച്ച് റോഡിനുമായി നിലം  നികത്തിയത് തോമസ് ചാണ്ടിയുടെ കമ്പനി തന്നെയെന്ന ജില്ലാ കലക്ടര്‍ സ്ഥിരീകരിക്കുന്നു.

കരമാര്‍ഗ്ഗം റിസോര്‍ട്ടിലെത്തുന്നതിന് വേണ്ടിയാണിത് ചെയ്തത്. ഈ ഭൂമി തോമസ്ചാണ്ടിയുടെ സഹോദരി ലീലാമ്മാ ഈശോയുടെ പേരിലാണെങ്കിലും പ്രവൃത്തി നടത്തിയത് കമ്പനിയാണ്. ലീലാമ്മ ഈശോയുടേതടക്കമുള്ള സ്ഥലം വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിയാണ് കൈകാര്യം ചെയ്യുന്നതെന്നും കണ്ടെത്തുന്നു. പുറം ബണ്ട് നിർമ്മാണത്തിന്റെ പേരിലാണ് പാർക്കിംഗ് സ്ഥലം ഉണ്ടാക്കിയത്. എന്നാല്‍ അത് പുറംബണ്ടല്ല. ഇറിഗേഷന്‍ വകുപ്പ് ഗുരുതര വീഴ്ച വരുത്തി. നിലം നികത്തുന്നതിനൊപ്പം തോടും നികത്തി. തോടിന്‍റെ ഗതിമാറ്റി.

റിപ്പോര്‍ട്ടിന്‍റെ രണ്ടാംഭാഗം പൂര്‍ണ്ണരൂപം ഇവിടെ വായിക്കാം

ഉപഗ്രഹ ചിത്രങ്ങള്‍ കിട്ടിയ ശേഷം കളക്ടറുടെ അധികാരം ഉപയോഗിച്ച് അനധികൃതമായി നികത്തിയെടുത്ത പാർക്കിംഗ് സ്ഥലവും അപ്രോച്ച് റോഡും പൂർവ്വ സ്ഥിതിയിലാക്കും. നിയമപരമായ നടപടി എടുത്താല്‍ കോടതിയലക്ഷ്യമാകുമെന്ന തോമസ് ചാണ്ടിയുടെ കമ്പനിയുടെ താക്കീത് കളക്ടര്‍ റിപ്പോര്‍ട്ടില്‍ തള്ളുകയും ചെയ്യുന്നു. അന്നത്തെ ജില്ലാ കലക്ടറായിരുന്ന എന്‍ പത്മകുമാര്‍ ഗുരുതര വീഴ്ച വരുത്തിയെന്നും ടിവി അനുപമ തന്‍റെ റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നു. 2014 ല്‍ അന്നത്തെ കളക്ടര്‍ അനധികൃത നികത്തിനെതിരെ നടപടിയെടുത്തില്ല.

ആര്‍ഡിഒയും ആര്യാട് ബ്ലോക്ക് ഡവലപ്പ് ഓഫീസറടക്കമുള്ളവരുടെ വീഴ്ചയും ചൂണ്ടിക്കാട്ടുന്നു. റിസോർട്ട് നില്‍ക്കുന്ന ഭൂമിയില്‍ വലിയൊരു ഭാഗം കരട് ഡാറ്റാബാങ്കിലുള്ളതാണ്. പഴയ റവന്യു രേഖകളിൽ റിസോർട്ടിന്റെ ഭൂരിഭാഗവും ഭൂമി നിലമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുമ്പ് നടന്ന നികത്തലാണെന്ന് വരുത്താനായി പ്രായംകൂടിയ വൃക്ഷം കൊണ്ടുവന്ന് വെച്ചുപിടിപ്പിക്കുന്ന സ്ഥിതിവരെയുണ്ടായെന്നും ജില്ലാ കളക്ടര്‍ കണ്ടെത്തി.  റിസോര്‍ട്ടിന് മുന്നില്‍ കായല്‍ വളച്ച് കെട്ടിയത് പൂര്‍വ്വ സ്ഥിതിയിലാക്കണമോ എന്ന കാര്യം പരിശോധിക്കുമെന്നും കലക്ടറുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

click me!