
ഇടുക്കി: മൂന്നാറിനടുത്ത് സുര്യനെല്ലിയില്‍ കയ്യേറ്റക്കാര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി സ്ഥാപിച്ച കുരിശ് ധൃതി പിടിച്ച് നീക്കം ചെയ്യേണ്ടെന്ന് ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവ്. ക്രമസമാധാന പ്രശ്നം ഉണ്ടാകാന്‍ ഇടയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദ്ദേശം. ഇതിന്റെ മറവില്‍ നടത്തിയ വന്‍ കയ്യേറ്റം ഒഴിപ്പിക്കാനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സുര്യനെല്ലിക്കടുത്തുള്ള പാപ്പാത്തിച്ചോല എന്ന സ്ഥലത്താണ് കയ്യേറ്റക്കാര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി കുരിശ് സ്ഥാപിച്ചത്. ചിന്നക്കനാല്‍ വില്ലേജിലെ 34/1 എന്ന സര്‍വേ നമ്പരിലുള്ള സ്ഥലമാണിത്. 2282 ഏക്കര്‍ ഭൂമിയാണ് ഇവിടെ സര്‍ക്കാരിനുള്ളത്. ഈ ഭാഗത്ത് ആര്‍ക്കും ഭൂമി പതിച്ചു നല്‍കിയിട്ടില്ല. പുതിയ കുരിശ് സ്ഥാപിച്ചതിനെ തുടര്‍ന്നാണ് റവന്യൂ വകുപ്പ് അന്വേഷണം നടത്തിയത്. സ്‌പിരിച്വല്‍ ടൂറിസത്തിനായാണ് ഭൂമി കയ്യേറിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കുരിശു സ്ഥാപിച്ച സ്ഥലത്തിനു ചുറ്റമുള്ള ഏക്കറു കണക്കിനു സ്ഥലവും കയ്യേറ്റക്കാര്‍ സ്വന്തമാക്കി.
കോട്ടയം ജില്ലയില്‍ നിന്നുള്ളവരാണ് കയ്യേറ്റത്തിനു പിന്നിലെന്നാണ് കണ്ടെത്തിയത്. ഉടുമ്പന്‍ചോല അഡീഷണല്‍ തഹസില്‍ദാര്‍ ദേവികുളം സബ്കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കുരിശ് പൊളിച്ചു നീക്കി കയ്യേറ്റമൊഴിപ്പിക്കാന്‍ സബ്കളക്ടര്‍ ഉത്തരവിട്ടു. ഇതിനായി അഡീഷണല്‍ തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥരും ഭൂസംരക്ഷണ സേനയും സ്ഥലത്തെത്തി.
എന്നാല്‍ വന്‍ ഇരുമ്പു ഗര്‍ഡര്‍ കൊണ്ട് നിര്‍മ്മിച്ച് കോണ്‍ക്രീറ്റ് ചെയ്തുറപ്പിച്ച കുരിശ് പൊളിച്ചു നീക്കാനായില്ല.കയ്യേറ്റമൊഴിപ്പക്കാനെത്തിയ സംഘത്തെ കയ്യേറ്റക്കാര്‍ നിയോഗിച്ചവര്‍ തടയുകയും ചെയ്തിരുന്നു. ഇവിടെ ഒരു കെട്ടിടവും നിര്‍മ്മിച്ചിട്ടുണ്ട്. ഒഴിപ്പിക്കലിനായി കൂടുതല്‍ സന്നാഹം വേണമെന്ന് കളക്ടര്‍ക്ക് കത്തു നല്‍കി. ഇതിനിടെ സ്‌പിരിറ്റ് ഇന്‍ ജീസസ് എന്ന വിഭാഗം കുരിശ് പൊളിക്കരുതെന്ന് കാണിച്ച് കളക്ടര്‍ക്ക് അപേക്ഷ നല്‍കി. ഇതു പരിഗണിച്ചാണ് കുരിശ് തല്‍ക്കാലം നീക്കരുതെന്ന് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. ഇവിടെ നടന്നിരിക്കുന്ന വന്‍ കയ്യേറ്റം ഒഴിപ്പിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam