മകളുടെ വിവാഹം നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നില്‍ക്കെ പ്രമുഖ ബില്‍ഡര്‍ ജീവനൊടുക്കി. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം

സൂറത്ത്: മകളുടെ വിവാഹം നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നില്‍ക്കെ പ്രമുഖ ബില്‍ഡര്‍ ജീവനൊടുക്കി. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. ബില്‍ഡര്‍ തുഷാർ ഖീലാനിയാണ് തന്‍റെ റിവോൾവർ ഉപയോഗിച്ച് സ്വയം വെടിയുർത്ത് ജീവനൊടുക്കിയത്. ഗുരുതരമായി പരിക്കേറ്റ തുഷാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാമുകിയുടെ ഭീഷണിയെത്തുടർന്നാണ് തുഷാർ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. ജനുവരി 31 നായുരുന്നു സംഭവം. ചികിത്സയിലിരിക്കെ ഫെബ്രുവരി 5നാണ് തുഷാർ മരിക്കുന്നത്. അന്നേ ദിവസം അദ്ദേഹത്തിന്‍റെ മകളുടെ വിവാഹം നടക്കാനിരിക്കുകയായിരുന്നു.

കഴിഞ്ഞ 15 വ‍ർഷമായി തുഷാർ പൂനം എന്ന സ്ത്രീയുമായി പ്രേമബന്ധത്തിലായിരുന്നു. ഈ ബന്ധം പിന്നീട് ഇദ്ദേഹത്തിന് സാമ്പത്തികമായും മാനസികമായും വെല്ലുവിളിയായി എന്നാണ് ബന്ധുക്കളുടെ ആരോപണം. ഇവർ നിരന്തരം തുഷാറിനെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നെന്നും അദ്ദേഹത്തിന്‍റെ മകൾ പൂനത്തെ നേരില്‍ കണ്ട് ഭീഷണി അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടതായും വിവരമുണ്ട്. എന്നാല്‍ പൂനം തുഷാറിന്‍റെ സ്വത്തിന്‍റെ 50 ശതമാനം ആവശ്യപ്പെട്ടെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. വിവാഹത്തില്‍ പ്രശ്നമുണ്ടാക്കുമെന്നും കുടുംബത്തെ പരസ്യമായി അപമാനിക്കുമെന്നും പൂനം ഭീഷണി ഉയർത്തിയിരുന്നെന്നും ഇവർ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കുടുംബത്തിന്‍റെ പരാതിയെ തുടർന്ന് ഉമ്ര പൊലീസ് അന്വേഷണം ആരംഭിച്ചു. സ്വത്തുക്കളും രേഖകൾ പരിശോധിച്ചപ്പോൾ സംശയാസ്പദമായ ഇടപാടുകൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പിന്നാലെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പൂനത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്.