വീര്യം കാട്ടി കൊളംബിയ, തോറ്റിട്ടും കടന്നുകൂടി ജപ്പാന്‍

By Web DeskFirst Published Jun 28, 2018, 9:22 PM IST
Highlights
  • നിരാശയോടെ സെനഗലിന് മടക്കം
  • ജപ്പാന്‍ തോറ്റിട്ടം പ്രീക്വാര്‍ട്ടറില്‍

സമാര: ലാറ്റിനമേരിക്കയുടെ വീര്യം പുറത്തെടുത്ത കൊളംബിയക്ക് മുന്നില്‍ തോല്‍വി സമ്മതിച്ച സെനഗല്‍ ലോകകപ്പില്‍ നിന്ന് പുറത്ത്. സൂപ്പര്‍ താരം ജയിംസ് റോഡ്രിഗസ് ആദ്യപകുതിയില്‍ തന്നെ പരിക്കേറ്റ് പിന്മാറിയിട്ടും കീഴടങ്ങാതെ പൊരുതിയ ഫല്‍ക്കാവോയും കൂട്ടരും രണ്ടാം പകുതിയില്‍ യെറി മിന നേടി ഗോളിനാണ് വിജയം പിടിച്ചെടുത്തത്. അതേസമയം, ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ജപ്പാന്‍ പോളണ്ടിനോട് തോല്‍വിയറിഞ്ഞു.

ആദ്യ രണ്ടു കളികള്‍ തോറ്റ പോളിഷ് നിരയ്ക്ക് വേണ്ടി 59-ാം മിനിറ്റില്‍ ജാന്‍ ബെഡ്നാര്‍ക്കാണ് സ്കോര്‍ ചെയ്തത്. ലെവന്‍ഡോവസ്കിയ്ക്കും സംഘത്തിനും ആശ്വാസ വിജയം നേടി നാട്ടിലേക്ക് മടങ്ങാം. ഫെയര്‍ പ്ലേയുടെ മെച്ചത്തില്‍ തോറ്റിട്ടും ജപ്പാന്‍ പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി.  പ്രീക്വാര്‍ട്ടര്‍ പ്രവേശനത്തിനുള്ള നിര്‍ണായക മത്സരത്തിനിറങ്ങിയ സെനഗലും കൊളംബിയയും ആദ്യ പകുതിയില്‍ തീര്‍ത്തും ആവേശം കുറഞ്ഞ പ്രകടനമാണ് കാഴ്ചവെച്ചത്. 

വിരസം ആദ്യ പകുതി

ആഫ്രിക്കന്‍ വമ്പിനെതിരെ തുടക്കത്തില്‍ ആധിപത്യം ഉറപ്പിച്ചുള്ള പ്രകടനമാണ് കൊളംബിയ നടത്തിയത്. ഒമ്പതാം മിനിറ്റില്‍ പക്ഷേ സെനഗലിന് അനുകൂലമായ ഒരു ഫ്രീകിക്ക് ലഭിച്ചത് ലാറ്റിനമേരിക്കന്‍ ശക്തികള്‍ക്ക് അല്‍പം ആശങ്ക സൃഷ്ടിച്ചു. പക്ഷേ, കൊളംബിയന്‍ പ്രതിരോധം കുലുങ്ങിയില്ല. മറുവശത്ത് ഫല്‍ക്കാവോയെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് യുവാന്‍ കോണ്‍ട്രാവോ തൊടുത്ത ഷോട്ട് ഖാദിം എഡിയായെ തട്ടിയകറ്റി.

17-ാം മിനിറ്റില്‍ സെനഗല്‍ ഒന്ന് സന്തോഷിച്ചു, സാദിയോ മാനേയെ ബോക്സിനുള്ളില്‍ സാഞ്ചസ് വീഴ്ത്തിയതിന് റഫറി പെനാല്‍റ്റി അനുവദിച്ചു. കൊളംബിയന്‍ താരങ്ങളുടെ വാദങ്ങള്‍ക്ക് ശേഷം വീഡിയോ അസിസ്റ്റന്‍റ് റഫറിമാരുടെ പരിശോധന നടത്തിയതോടെ പെനാല്‍റ്റി നല്‍കേണ്ടതില്ലെന്ന് വിധിക്കപ്പെട്ടു. 24-ാം മിനിറ്റില്‍ ആഫ്രിക്കന്‍ കോട്ടയില്‍ കൊളംബിയന്‍ ആക്രമണം ഗോളിന് അടുത്ത് വരെയെത്തി. കോണ്‍ട്രാവോ ഉയര്‍ത്തി വിട്ട ഫ്രീകിക്കില്‍ നായകന്‍ ഫല്‍ക്കാവോ തലവെച്ചങ്കിലും ലക്ഷ്യം തെറ്റി. 

അപകടം മനസിലാക്കി സെനഗല്‍ കൊളംബിയന്‍ ഗോള്‍ മുഖത്തേക്ക് ആക്രമണങ്ങളുടെ കെട്ട് അഴിച്ചു വിട്ടു. 31-ാം മിനിറ്റില്‍ കൊളംബിയയുടെ എല്ലാ പ്രതീക്ഷകളുടെയും നിറം കെടുത്തി പരിക്കേറ്റ ജയിംസ് റോഡിഗ്രസിനെ പരിശീലകന്‍ പെക്കര്‍മാന്‍ തിരിച്ചു വിളിച്ചു. ഇതോടെ കൊളംബിയന്‍ മധ്യനിരയുടെ മുനയൊടിഞ്ഞു. ഫല്‍ക്കാവോയിലേക്ക് കൃത്യമായി പന്തുകള്‍ എത്താതിരുന്നതോടെ മുന്നേറ്റ നിരയുടെ ശക്തിയും കുറഞ്ഞു. ഇരു ടീമുകളും ആസൂത്രണമില്ലാത്ത നീക്കങ്ങള്‍ നടത്തിയോടെ ആദ്യ പകുതി വിരസമായി പിരിഞ്ഞു. 

തിരിച്ചുവരവ്

രണ്ടാം പകുതിയില്‍ ആക്രമണങ്ങള്‍ക്ക് കുറച്ച് കൂടി വീറും വാശിയും വന്നു. വേഗത്തിലുള്ള നീക്കങ്ങള്‍ രണ്ടു കൂട്ടരും നടത്തിയെങ്കിലും പെനാല്‍റ്റി ബോക്സിലെത്തുമ്പോള്‍ ലക്ഷ്യം തെറ്റി. 65-ാം മിനിറ്റില്‍ റോഡിഗ്രസിന് പകരക്കാരനായി വന്ന ലൂയിസ് മ്യൂറിയലിന്‍റെ ഷോട്ട് നെനഗല്‍ പ്രതിരോധത്തില്‍ തട്ടിയകന്നു. പൂര്‍ണമായും ലാറ്റിനമേരിക്കന്‍ ശക്തികളുടെ അപ്രമാദിത്വത്തിലേക്ക് പതിയെ കളി മാറി.

അതിനുള്ള ഫലം വന്നത് 74-ാം മിനിറ്റിലാണ്. ബോക്സില്‍ സമര്‍ദം ചെലുത്തിയെടുത്ത കോര്‍ണറാണ് കൊളംബിയക്ക് ഗോള്‍ സമ്മാനിച്ചത്. കോണ്‍ട്രാവോ തൊടുത്ത കോര്‍ണറില്‍ യെറി മിനയുടെ ബുള്ളറ്റ് ഹെഡ്ഡര്‍ ആഫ്രിക്കന്‍ വല തുളച്ചു. ഗോള്‍ വഴങ്ങിയതിന് പിന്നാലെ വന്യമായ മുന്നേറ്റങ്ങളാണ് സെനഗല്‍ അഴിച്ചു വിട്ടത്. സാദിയോ മാനേയുടെ നേതൃത്വത്തില്‍ നിരവധി വട്ടം ഒസ്പിനയെ പരീക്ഷിക്കാനായി ആഫ്രിക്കന്‍ പട എത്തിയെങ്കിലും ഒന്ന് പോലും ഗോള്‍ വലയെ കുലുക്കിയില്ല. അവസാനം റഫറിയുടെ അവസാന വിസില്‍ മുഴങ്ങി. ഗാലറിയിലിരുന്ന വാള്‍ഡറിമ ചിരിച്ചു... കളത്തില്‍ കൊളംബിയയും....

click me!