പേര്യ ചുരം; ചരക്ക് വാഹന ഗതാഗതം നിരോധിച്ചു

By Web DeskFirst Published Jul 19, 2018, 11:11 AM IST
Highlights
  • ഇന്ന് രാത്രി മുതല്‍ ഗതാഗതം നിരോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.  

വയനാട്: വയനാട് - കണ്ണൂര്‍ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പേര്യ ചുരത്തില്‍ ചരക്ക് വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചു. ചുരം റോഡില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ന് രാത്രി മുതല്‍ ഗതാഗതം നിരോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.  

ശക്തമായ മഴയും ഭാരമേറിയ വാഹനങ്ങളുടെ നിരന്തര ഗതാഗതവും കാരണം ചുരം റോഡില്‍ വിള്ളല്‍ വീണതായും വലിയ കുഴികളും മറ്റും രൂപപ്പെട്ടിട്ടുള്ളതിനാലും ഭാരമേറിയ വാഹനങ്ങളുടെ ഗതാഗതത്തിന് ചുരം അനുയോജ്യമല്ലെന്നാണ് ഉത്തരവിലുള്ളത്. ജില്ലാ കലക്ടര്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം ബോധ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പ്, ഗതാഗത വകുപ്പ്, പോലീസ്, റവന്യു വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് വലിയ ചരക്കുവാഹനങ്ങളെ പൂര്‍ണമായും നിരോധിക്കണമെന്ന് ആവശ്യം ഉയര്‍ന്നത്. 

16.2 ടണ്ണിന് മുകളില്‍ ഭാരമുള്ള മള്‍ട്ടി ആക്‌സില്‍ ചരക്ക് വാഹനങ്ങളെ (ടോറസ് വാഹനങ്ങള്‍ ഉള്‍പ്പെടെ) ദുരന്തനിവാരണ നിയമം 2005 പ്രകാരം മറ്റൊരു ഉത്തരവ് വരുന്നത് വരെ നിരോധിച്ച് കൊണ്ടാണ് ജില്ലാ ഭരണകൂടം ഉത്തരവിറക്കിയിട്ടുള്ളത്. താമരശേരി ചുരത്തിലും വലിയ ചരക്കുവാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം നിലനില്‍ക്കുകയാണ്. 

ഇതോടെ നിര്‍മാണ സാമഗ്രികള്‍ അടക്കമുള്ളവക്ക് ജില്ലയില്‍ കടുത്ത ക്ഷാമം നേരിടും. ക്വാറി മണല്‍, കരിങ്കല്‍, മെറ്റല്‍, മണല്‍ തുടങ്ങിയ നിര്‍മാണ സാമഗ്രികള്‍ കൂടുതലും ജില്ലയിലേക്കെത്തിച്ചിരുന്നത് താമരശേരി, പേര്യ, കുറ്റിയാടി ചുരങ്ങള്‍ വഴിയായിരുന്നു. പേര്യ ചുരത്തില്‍ കൂടി നിയന്ത്രണം വന്ന സാഹചര്യത്തില്‍ കുറ്റിയാടി ചുരത്തിലെ ചരക്കുവാഹനങ്ങളുടെ തിരക്ക് ഇരട്ടിയാകും. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലേക്ക് കര്‍ണാടക വഴിയുള്ള ചരക്കുകള്‍ കൂടുതലും എത്തിക്കുന്നത് കുറ്റിയാടി, നാടുകാണി ചുരങ്ങള്‍ വഴിയാണ്.  

click me!