
കേരളത്തിലെ പ്രളയവുമായി ബന്ധപ്പെട്ട പോസ്റ്റുകളും സന്ദേശങ്ങളും ഫേസ്ബുക്ക് ഡിലീറ്റ് ചെയ്ത് സ്പാം ആക്കുന്നതായി വീണ്ടും ഉപയോക്താക്കളുടെ പരാതി. കേരള ഫ്ലഡ്ഡ്, കേരള ഫ്ലഡ് 2018 എന്നീ ഹാഷ്ടാഗുകളിൽ പോസ്റ്റ് ചെയ്യപ്പെടുകയോ ഷെയർ ചെയ്യപ്പെടുകയോ ചെയ്യുന്ന എല്ലാ വാർത്തകളും സ്പാം എന്ന് കാണിക്കുന്നുണ്ട്. ഈ ഹാഷ്ടാഗുകൾ ഉപയോഗിച്ചാണ് കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനം സാധ്യമാകുന്നത്. പ്രളയം പ്രതിസന്ധി സൃഷ്ടിച്ച അന്നുമുതൽ ഈ പ്രശ്നം ഫേസ്ബുക്കിൽ കാണുന്നുണ്ട്. ഇതിന് മുമ്പും ഫേസ്ബുക്കിനെതിരെ ഇത്തരം പരാതി ഉയർന്നിട്ടുണ്ട്.
നിരവധി ആളുകൾ ചേർന്ന് റിപ്പോർട്ട് ചെയ്യുന്ന പോസ്റ്റുകളാണ് സ്പാം വിഭാഗത്തിൽ ഫേസ്ബുക്ക് ഉൾപ്പെടുത്തുന്നത്. ഫേസ്ബുക്കിന്റെ തന്നെ ഓട്ടോമാറ്റിക് ഡിറ്റക്റ്റിംഗ് സംവിധാനമാണ് പരിശോധനയ്ക്ക് ശേഷം ഈ വിവരങ്ങൾ ഡിലീറ്റ് ചെയ്യുന്നത്. എന്നാൽ ഒരേ വിഷയത്തിൽ നിരവധി പോസ്റ്റുകൾ വന്നാൽ ആവർത്തനമെന്ന് ഫേസ്ബുക്കിനോ തോന്നിയാൽ ഡിലീറ്റ് ചെയ്യപ്പെടാൻ സാധ്യതയുണ്ട്. പ്രളയം പോലെയുള്ള പ്രകൃതിദുരന്തങ്ങൾ സംഭവിക്കുന്ന അവസരത്തിൽ ഫേസ്ബുക്കിന്റെ ഈ പ്രവർത്തി വൻവിമർശനമാണ് വിളിച്ചു വരുത്തിയിരിക്കുന്നത്. ഇപ്പോഴും പ്രളയക്കെടുതിയിൽ നിന്ന് കേരളം കരകയറിയിട്ടില്ല. പലയിടത്തു നിന്നും ആളുകൾ പരസ്പരം ബന്ധപ്പെടാനും ആശയവിനിമയത്തിനും ആശ്രയിക്കുന്നത് ഫേസ്ബുക്കിനെയാണ്.
പ്രളയത്തെക്കുറിച്ചുള്ള വാർത്തകൾ മുതൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ ആഹ്വാനം ചെയ്യുന്ന പോസ്റ്റുകൾ വരെ ഫേസ്ബുക്ക് ഡിലീറ്റ് ചെയ്ത് സ്പാം എന്ന് തിരികെ മെസ്സേജ് അയയ്ക്കുന്നു. ഗാഡ്ഗിൽ റിപ്പോർട്ട് പോസ്റ്റ് ചെയ്യുമ്പോഴും ഇതേ രീതിയിൽ തന്നെയാണ് ഫേസ്ബുക്ക് പ്രതികരിക്കുന്നതെന്നും പരാതിയുണ്ട്. കേരളം വലിയൊരു പ്രകൃതി ദുരന്തത്തെ അതിജീവിക്കാൻ ശ്രമിക്കുമ്പോൾ ഫേസ്ബുക്ക് ഇത്തരത്തിൽ പ്രതികരിക്കുന്നത് ആശങ്കയുണർത്തുന്നുണ്ട്. മുമ്പും പരാതി വന്നിട്ടും ഫേസ്ബുക്ക് അധികൃതർ അനുകൂലമായ നടപടി സ്വീകരിക്കാത്തതാണ് ഈ പ്രതിസന്ധി ആവർത്തിക്കാൻ കാരണമെന്നും ആക്ഷേപമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam