മാർച്ച് മൂന്നാം തീയതിയാണ് മാത്യു നിര്യാതനായത്. മാത്യുവിന്റെ നേത്രപടലങ്ങള്‍ അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ കണ്ണാശുപത്രി നേത്ര ബാങ്കിലേയ്ക്ക് ദാനം ചെയ്തിരുന്നു. മൂന്ന് ദിവസം കഴിഞ്ഞ് മേരിയും മരിച്ചു.
തൃശൂര്‍: മരണത്തിന് ശേഷവും നാലുപേരുടെ ജീവിതത്തില്‍ വെളിച്ചമായി വയോധിക ദമ്പതികള്‍. പ്രായാധിക്യം ഈ ലോകത്തുനിന്നും യാത്രയാക്കിയ നെല്ലിശേരി മാത്യുവിന്റെ അരികിലേയ്ക്ക് മൂന്നാം നാള്‍ ജീവിത പങ്കാളി മേരിയും യാത്രയായതോടെ ഇരുവരിലൂടെ പരിചിതരല്ലാത്ത നാലു പേര്‍ കൂരിരുട്ടില്‍നിന്ന് മോചിതരായി. മാത്യുവും മേരിയും തങ്ങളുടെ നേത്രപടലങ്ങള്‍ ദാനം ചെയ്തിരുന്നു. മാർച്ച് മൂന്നാം തീയതിയാണ് മാത്യു നിര്യാതനായത്. രണ്ടു പേര്‍ക്ക് കാഴ്ച പകരാനായി വാടാനപ്പള്ളി സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ മാത്യുവിന്റെ നേത്രപടലങ്ങള്‍ അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ കണ്ണാശുപത്രി നേത്ര ബാങ്കിലേയ്ക്ക് ദാനം ചെയ്യാന്‍ പരേതന്റെ കുടുംബം സന്നദ്ധരായി.
ഭര്‍ത്താവിന്റെ വിയോഗത്തില്‍ മനോവിഷമത്തിലായിരുന്ന ഭാര്യ മേരിയും (85) ഇന്ന് ഉച്ചയ്ക്ക് മരിച്ചു. ഇതോടെ മേരിയുടെ നേത്രപടലങ്ങള്‍ കൂടി ലിറ്റില്‍ ഫ്‌ളവര്‍ കണ്ണാശുപത്രിയിലേയ്ക്ക് ദാനം ചെയ്തു. നാല് പേർക്ക് വെളിച്ചമേകിയാണ് വയോധിക ദമ്പതിമാരുടെ മരണം. മേരിയുടെ സംസ്‌കാരം ശനിയാഴ്ച രാവിലെ 11ന് വാടാനപ്പള്ളി സെന്റ് ഫ്രാന്‍സീസ് സേവിയേഴ്‌സ് പള്ളി സെമിത്തേരിയില്‍. റിട്ട. സൈനികനാണ് മാത്യു. മക്കള്‍: ബെന്നി, ഡ്രെയ്‌സന്‍ , ഷോയ്. മരുമക്കള്‍: ഷീബ, പ്രസന്ന, ക്രിസ്റ്റി.


