പൊലീസിന്‍റെ ക്രിമിനല്‍ സ്വഭാവം തുറന്നുകാട്ടി മനുഷ്യാവകാശ കമ്മീഷന് മുന്നില്‍ പരാതിപ്രളയം

By Web DeskFirst Published Apr 12, 2018, 7:36 AM IST
Highlights
  • മനുഷ്യാവകാശ കമ്മീഷന് മുന്നിലും പോലീസ്" ക്രിമിനലുകള്‍"
  • ക്രിമിനല്‍ സ്വഭാവം തുറന്ന് കാട്ടി പരാതികള്‍
  • കൈക്കൂലി കേസ് മുതല്‍ മര്‍ദ്ദനം വരെ
  • കമ്മീഷന്‍ ശുപാര്‍ശകള്‍ അവഗണിക്കുന്നോ?

തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് അതിക്രമങ്ങള്‍ കൂടുന്നു എന്ന് സ്ഥിരീകരിക്കുന്നതാണ് മനുഷ്യാവകാശ കമ്മീഷന് മുന്നിലെത്തുന്ന പരാതികള്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കമ്മീഷന് കിട്ടിയ പരാതികളിലേറെയും പൊലീസിന്‍റെ ക്രിമിനല്‍ സ്വഭാവം തുറന്ന് കാട്ടുന്നതാണ്.

പോലീസ് സേനയിലെ ക്രിമിനലുകളുടെ എണ്ണം  വര്‍ധിക്കുന്നതായാണ് മനുഷ്യാവകാശ കമ്മീഷന്‍റെ മുന്നിലെത്തുന്ന പരാതികളും വ്യക്തമാക്കുന്നത്. ഇക്കഴിഞ്ഞ മൂന്ന് മാസത്തിനിള്ളില്‍  മാത്രം അഞ്ഞൂറിലേറെ പരാതികളാണ് പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന് കിട്ടിയത്. ലോക്കപ്പ് മര്‍ദ്ദനമുള്‍പ്പടെ കഴിഞ്ഞ  ഒരു വര്‍ഷത്തിനിടെ 126 പരാതികളില്‍  കമ്മീഷന്‍ നടപടിക്ക് ശുപാര്‍ശ ചെയ്തു. 850 പോലീസുകാരാണ് പ്രതിപ്പട്ടികയിലുള്ളത്. മര്യാദയില്ലാത്ത പെരുമാറ്റം, മര്‍ദ്ദനം, പരാതികൊടുത്തിട്ടും കേസ് എടുക്കാതിരിക്കല്‍, കൈക്കൂലി ആവശ്യപ്പെടല്‍ തുടങ്ങിയ പരാതികളാണ് പൊലീസിനെതിരെ മനുഷ്യാവകാശ കമ്മിഷന് മുന്നിലെത്തുന്നത്.

മാഫിയ ബന്ധങ്ങളുടേയും, രാഷ്ട്രീയത്തിന്റെയും പണത്തിന്റെയും സ്വാധീനത്തില്‍ പോലീസ് ഉപദ്രവിക്കുന്നുവെന്ന പരാതിയും കമ്മീഷന് മുന്നിലെത്താറുണ്ട്. പോലീസിനെതിരെ കമ്മീഷനെ സമീപിക്കുന്നവരെ പോലീസ് പിന്നീട് കേസുകളില്‍ കുടുക്കുന്ന സാഹചര്യവും ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള പരാതികളും കമ്മീഷനെ തേടിയെത്തുന്നു. അതേ സമയം കുറ്റക്കാരാണെന്ന് കമ്മീഷന്‍ കണ്ടെത്തി നടപടിക്ക് ശുപാര്‍ശ ചെയ്യുന്ന പല കേസുകളിലും  അത്തരക്കാര്‍ സംരക്ഷിക്കപ്പെടുന്നതായും ആക്ഷേപമുണ്ട്.

 

click me!