
കോഴിക്കോട്: വാഹനാപകട കേസുകളില്‍ പൊലീസ് കൃത്യമായി നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് പരാതി വ്യാപകമാകുന്നു. കോഴിക്കോട് ബിഎസ്എന്‍എല്‍ സീനിയര്‍ സൂപ്രണ്ട് പി വി അഹമ്മദിനെ അമിത വേഗതയിലെത്തിയ കാറിടിച്ച് വീഴ്ത്തിയ സംഭവത്തില്‍ പൊലീസ് മൊഴിയെടുക്കാന്‍ വൈകി എന്ന് ബന്ധുക്കള്‍ ആരോപിച്ചു.
കോഴിക്കോട് മാനാഞ്ചിറയിലെ സീബ്രാലൈനില്‍ വച്ചാണ് ബിഎസ്എന്‍എല്‍ സീനിയര്‍ സൂപ്രണ്ട് പി വി അഹമ്മദിനെ അമിത വേഗതയിലെത്തിയ കാറിടിച്ച് വീഴ്ത്തിയത്. അപകടം നടന്നയുടനെ ഡ്രൈവറും കാറിലുണ്ടായിരുന്നവരും ഓടി രക്ഷപ്പെട്ടു. കാലിനും തലയ്ക്കും പരിക്കേറ്റ് ചികിത്സയിലാണ് ഇദ്ദേഹം. ബുധനാഴ്ച നടന്ന അപകടത്തിന്‍റെ മൊഴിയെടുത്തത് ഞായറാഴ്ച മാത്രം. അതും നിരന്തര അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് മൊഴി എടുത്തത്.
സ്ഥലത്തെ സിസി ടിവി പരിശോധിക്കാനോ അപകടം നടത്തിയ കാര്‍ പിടിച്ചെടുക്കാനോ പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അഹമ്മദ് പരാതിപ്പെടുന്നു. വാഹാനാപകട കേസുകളില്‍ പൊലീസിന്‍റെ ഈ അലംഭാവം ഒറ്റപ്പെട്ടതല്ല. ഒരു മാസം മുമ്പുണ്ടായ വാഹനാപകടങ്ങളില്‍ പോലും മൊഴിയെടുക്കാത്തവയുണ്ട്.
വാഹനാപകട കേസുകള്‍ ട്രാഫിക്കില്‍ നിന്ന് ലോക്കല്‍ പൊലീസിലേക്ക് മാറ്റിയതാണ് ഈ മെല്ലെപ്പോക്കിന് കാരണമെന്ന് പൊലീസുകാര്‍ തന്നെ പറയുന്നു. മറ്റ് കേസുകള്‍ അന്വേഷിക്കുന്നതിനിടയില്‍ വാഹനാപകട കേസുകള്‍ക്ക് പരിഗണന കുറയുന്നു. ട്രാഫിക്കില്‍ ഉണ്ടായിരുന്നത് പോലെ വാഹനാപകട കേസുകള്‍ക്കായി പ്രത്യേക വിങ്ങ് വേണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam