
മുംബൈ: ഓൺലൈൻ ഹോട്ടൽ ബുക്കിംഗ് ശൃംഖലയായ ഒയോ റൂംസിനെതിരെ നിയമനടപടിയുമായി മുംബൈയിലെ മലയാളി ഹോട്ടലുകളുടെ സംഘടന. കരാർപ്രകാരം ഒയോ റൂംസ് നൽകിയ ഉറപ്പുകൾ പാലിക്കുന്നില്ലെന്നാണ് മുംബൈ ബജറ്റ് ഹോട്ടൽ അസോസിയേഷന്‍റെ പരാതി.
ഹോട്ടലുടമകൾക്ക് നൽകിയ കരാർപ്രകാരമുള്ള തുക നൽകുന്നില്ല, കൂടുതല്‍ തുക വാടകയുള്ള മുറികൾ കുറഞ്ഞ വിലക്ക് നൽകുന്നു എന്നീ പരാതികളാണ് ഒയോ റൂമ്സിനെതിരെ ഉയർന്നിരിക്കുന്നത്. മുൻധാരണ പ്രകാരമുള്ള തുക തരാതെ കരാറുകൾ റദ്ദാക്കുന്നുവെന്നും പരാതിയുണ്ട്. ഇതോടെ ഹോട്ടലുകൾ സാമ്പത്തിക പ്രശ്നത്തിൽപ്പെട്ട അവസ്ഥയിലാണെന്ന് അസോസിയേഷൻ പറയുന്നു. അസോയിയേഷന്‍റെ കീഴിലുള്ള ഹോട്ടലുകൾക്ക് മാത്രം 10 കോടി രൂപയിലേറെ കുടിശ്ശിക നൽകാനുണ്ടെന്നാണ് ഇവർ പറയുന്നത്.
ചൂഷണത്തിനെതിരെ അഖിലേന്ത്യാ തലത്തിൽ ഹോട്ടലുകളെ സംഘടിപ്പിച്ച് കോടതിയെ സമീപിക്കാനാണ് അസോസിയേഷന്‍റെ തീരുമാനം. അസോസിയേഷന്‍ മുംബൈയിൽ മാത്രം 250 അംഗങ്ങളാണുള്ളത്. യുവസംരംഭകനായി റിതേഷ് അഗർവാൾ ആരംഭിച്ച ഒയോ റൂംസ് ഇന്ത്യൻ വിപണിയിൽ ഈ രംഗത്തെ ഭീമന്മാരാണ്. ബഡ്ജ്റ്റ് ഹോട്ടൽ അസോസിയേഷനുമായി പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് തീർക്കുമെന്നാണ് ഒയോ റൂംസ് നൽകുന്ന വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam