
ഗുരുദാസ്പുർ: പഞ്ചാബിലെ ഗുരുദാസ്പുർ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി വിജയമുറപ്പിച്ചു. ബിജെപിയുടെ സിറ്റിംഗ് സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥി സുനിൽ ജാഖറാണ് മുന്നേറ്റം നടത്തുന്നത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻകൂടിയായ സുനിൽ ജാഖറിന്റെ ലീഡ് ഒരു ലക്ഷം കവിഞ്ഞു.
ബിജെപിയുടെ സ്വരൺ സലാറിയയാണ് സുനിൽ ജാഖറിന്റെ മുഖ്യ എതിരാളി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച പ്രകടനം നടത്താൻ കഴിയാതിരുന്ന ആം ആദ്മി പാർട്ടിയും രംഗത്തുണ്ട്. എഎപിക്കുവേണ്ടി റിട്ട. മേജർ ജനറൽ സുരേഷ് ഖജാരിയയാണ് മത്സരിക്കുന്നത്.
ചലച്ചിത്ര നടനും ബിജെപി നേതാവുമായ വിനോദ് ഖന്ന തുടർച്ചയായി നാലുതവണ ജയിച്ച മണ്ഡലമാണ് ഗുരുദാസ്പുർ. വിനോദ് ഖന്നയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പുണ്ടായത്.
കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് എത്തുന്ന രാഹുൽ ഗാന്ധിക്കുള്ള മികച്ച ദീപാവലി സമ്മാനമാണിതെന്ന് ക്രിക്കറ്റ് താരവും കോൺഗ്രസ് നേതാവുമായ നവജോത് സിദ്ധു പറഞ്ഞു. ജനങ്ങൾക്ക് മോദിയുടെ കേന്ദ്രനയങ്ങളോടുള്ള അമർഷമാണ് ഗുരുദാസ്പുരിലെ വിജയമെന്ന് സുനിൽ ജാഖർ അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam