പാകിസ്ഥാനില്‍ വിളിക്കാത്ത കല്യാണത്തിന് പോയിട്ട് മറ്റുള്ളവര്‍ക്ക് നേരെ ആരോപണമുന്നയിക്കുന്നെന്ന് കോണ്‍ഗ്രസ്

By Web DeskFirst Published Dec 11, 2017, 12:18 PM IST
Highlights

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണങ്ങളോട് ശക്തമായി തിരിച്ചടിച്ച് കോണ്‍ഗ്രസ്. ഇന്ത്യയില്‍ രണ്ട് ഭീകരാക്രമണങ്ങള്‍ക്ക് ശേഷവും ആരും വിളിക്കാതെ നവാസ് ഷെരീഫിന്റെ കൊച്ചുമകളുടെ വിവാഹത്തിനു വിളിക്കാതെ പോയത് ആരെണെന്ന്  കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല ചോദിച്ചു. ഇവിടെ ആര്‍ക്കാണ് പാക്കിസ്ഥാനോട് സ്നേഹമെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.

പഠാന്‍കോട്ട് ഭീകരാക്രമണത്തിന് ശേഷം സംയുക്ത അന്വേഷണ സംഘമെന്ന പേരില്‍  രാജ്യത്തെ സുപ്രധാന വ്യോമ താവളത്തിലേക്ക് പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഉദ്ദ്യോഗസ്ഥരെ അടക്കം പ്രവേശിപ്പിച്ച ബി.ജെ.പിയാണ് യഥാര്‍ത്ഥ പാക്കിസ്ഥാന്‍ സ്നേഹികളെന്നാണ് കോണ്‍ഗ്രസിന്റെ തിരിച്ചടി. പാകിസ്ഥാനിലെ മുന്‍ പ്രധാന മന്ത്രി നവാസ് ഷെരീഫിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍‌ നരേന്ദ്രമോദി പങ്കെടുത്തതും പാകിസ്ഥാന്‍ ബന്ധത്തിന്റെ തെളിവായി കോണ്‍ഗ്രസ് എടുത്തുകാണിക്കുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസും പാകിസ്ഥാനും തമ്മില്‍ സഹകരണമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചിരുന്നു. പാകിസ്ഥാന്‍ ഉദ്ദ്യോഗസ്ഥരും കോണ്‍ഗ്രസ് നേതാക്കളും ഉള്‍പ്പെട്ട സംഘം മണിശങ്കര്‍ അയ്യരുടെ വീട്ടില്‍ മൂന്ന് മണിക്കൂറോളം യോഗം ചേര്‍ന്നെന്നും മോദി ആരോപിച്ചിരുന്നു

ഗുജറാത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുന്നില്ലെന്ന് ബോധ്യപ്പെട്ടതിന് പിന്നാലെയാണ് വാലുംതലയുമില്ലാത്ത ആരോപണങ്ങളുമായി മോദി രംഗത്തുവരുന്നതെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചു. പാകിസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ ഇടപെട്ടിട്ടുണ്ടെങ്കില്‍ പാക് ഹൈക്കമ്മീഷണറെ പുറത്താക്കാന്‍ പ്രധാനമന്ത്രി തയ്യാറാവണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. അതേസമയം ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് തങ്ങളെ അനാവശ്യമായി വലിച്ചിഴക്കുന്നത് നിര്‍ത്തണമെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു. തെരഞ്ഞെടുപ്പില്‍ സ്വന്തം ശക്തി കൊണ്ട് ജയിക്കണമെന്നും പാകിസ്ഥാന്‍ ആവശ്യപ്പെട്ടു.

click me!