തിരുവനന്തപുരം പാറശാല താലൂക്ക് ആശുപത്രി വളപ്പിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന ചന്ദനമരം മുറിച്ചു കടത്തി. സുരക്ഷാ ജീവനക്കാരും സിസിടിവിയുമുള്ള സ്ഥലത്ത് നടന്ന മോഷണത്തിൽ ദുരൂഹതയുണ്ടെന്നും, അധികൃതർ പോലീസിൽ പരാതി നൽകുന്നില്ലെന്നും നാട്ടുകാർ

തിരുവനന്തപുരം: പാറശാല താലൂക്ക് ആശുപത്രി കോമ്പൗണ്ടിൽ നിന്ന ചന്ദന മരം മുറിച്ചു കടത്തി. ഞായറാഴ്ച രാത്രി മോഷണം പോയെന്നാണ് വിവരം. സംഭവത്തിന് പിന്നിൽ ദൂരൂഹതയുണ്ടെന്നും അധികൃതർ പൊലീസിൽ പരാതി നൽകുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.ആശുപത്രിയുടെ മെയിൻ ഗേറ്റിന് സമീപത്തായി നിന്നിരുന്ന 25 വർഷത്തോളം പഴക്കമുള്ള മരമാണ് കഴിഞ്ഞ രാത്രിയിൽ കള്ളന്മാർ മുറിച്ച് കടത്തിയത്. ലക്ഷങ്ങൾ വിലവരുന്ന മരമാണ് നഷ്ടപ്പെട്ടതെന്ന് അധികൃതർ പറയുന്നു. രാത്രിയിലും പകലുമായി എട്ടോളം സുരക്ഷാ ജീവനക്കാർ ജോലി നോക്കുന്ന ആശുപത്രിൽ നിന്നാണ് ചന്ദന മരം നഷ്ടപ്പെട്ടത്. സ്ഥലത്ത് സിസിടിവിയുണ്ടെങ്കിലും ആശുപത്രി അധികൃതർ പരിശോധന നടത്തിയില്ലെന്നും ആരോപണമുണ്ട്. ചന്ദനമരം മോഷണം പോയതിന് ശേഷം പ്രതിഷേധം ഉയർന്നിട്ടും അധികൃതർ പരാതി നൽകിയതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും കേസെടുത്തിട്ടില്ലെന്നും പാറശാല പൊലീസ് അറിയിച്ചു.