ബാര്‍കോഴ ഗൂഢാലോചന: കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തുറന്നപോരിലേക്ക്

By Web DeskFirst Published Jul 1, 2016, 1:02 PM IST
Highlights

തിരുവനന്തപുരം: ബാര്‍കോഴ ഗൂഢാലോചനയെ ചൊല്ലി മാണി വിഭാഗവുമായുള്ള കോണ്‍ഗ്രസിന്‍റെ ബന്ധം ഉലയുന്നു. ഗൂഢാലോചനയിൽ രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കും പങ്കുണ്ടെന്ന് കേരളകോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി  വിഭാഗം പരസ്യമായി ആരോപിച്ചു. വിഷയം ചര്‍ച്ച ചെയ്യാൻ സ്റ്റിയറിങ് കമ്മിറ്റി വിളിക്കാനാണ് മാണി  വിഭാഗത്തിന്‍റെ  ആലോചന. അതേ സമയം ഗൂഡാലോചനയുണ്ടായിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.

ബാര്‍ കോഴ വിഷയത്തിൽ മാണിയുടെ രാജിക്ക് പിന്നാലെ ചേര്‍ന്ന കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ കോണ്‍ഗ്രസ് ബന്ധം പുനപരിശോധിക്കണമെന്നാവശ്യമുയര്‍ന്നിരുന്നു. പുതിയ സാഹചര്യത്തിൽ പാര്‍ട്ടിക്കുള്ളിൽ വീണ്ടും നേതാക്കള്‍ ഇക്കാര്യം ഉന്നയിച്ചു തുടങ്ങി. 

യു.ഡി.എഫ് വിട്ട് നിയമസഭയിൽ പ്രത്യേക ബ്ലോക്കാകണമെന്ന കടുത്ത നിലപാട് പോലും ചില നേതാക്കള്‍ക്കുണ്ട്. മാണിക്കെതിരായ കോഴ ആരോപണത്തിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്ന് തുടക്കം മുതൽ പാര്‍ട്ടിക്കാരുടെ പക്ഷം. ബിജു രമേശിന്‍റെ മകളുടെ വിവാഹ നിശ്ചയത്തിന് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും പങ്കെടുത്തതോടെ ഒതുക്കി വച്ചിരുന്ന ഗൂഡാലോചന ആരോപണം കൂടുതൽ ശക്തിയോടെ പുറത്തെടുക്കകയാണ് മാണിയും കൂട്ടരും. 

പോഷക സംഘടനാ നേതാക്കളെ ഇറക്കി ചെന്നിത്തലയ്ക്കും ഉമ്മന്‍ ചാണ്ടിക്കുമെതിരെ നേരിട്ട് ആരോപണം ഉന്നയിക്കുന്നു . മാണിക്കെതിരായ ഗൂഡാലാചനയിൽ ഇരു നേതാക്കള്‍ക്കും പങ്കെന്ന ആരോപിച് കേരള കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ഥി വിഭാഗം ചെന്നിത്തല മുന്നണി ചെയര്‍മാൻ സ്ഥാനം ഒഴിയണമെന്നും ആവശ്യപ്പെടുന്നു

കുട്ടി നേതാക്കളെ കളത്തിലിറക്കുന്നതിനൊപ്പം അടിയന്തിരമായി പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി വിളിക്കാനാണ് മാണി വിഭാഗത്തിന്‍റെ ആലോചന. പാര്‍ട്ടിയുടെ ഗൂഡാലോചന അന്വേഷണ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്നും നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്. എന്നാൽ മാണിക്കെതിരെ ഗൂഡാലോചനയുണ്ടായെന്ന ആരോപണത്തിൽഏത് അന്വേഷണവും നേരിടാനൊരുക്കമെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം

ഇതിനിടെ ആദ്യം സ്റ്റിയറിങ് കമ്മിറ്റി, പിന്നാലെ പാര്‍ട്ടി ക്യാമ്പ്. ഇങ്ങനെ പുതിയ രാഷ്ട്രിയ നീക്കങ്ങള്‍ക്കുള്ള തയ്യാറെടുപ്പിലാണ് മാണിയും കൂട്ടരും.

click me!