
ദില്ലി : രാഹുല്‍ ഗാന്ധിക്ക് സുരക്ഷിത യാത്രയ്ക്കായി വിമാനം വാങ്ങാനൊരുങ്ങി കോണ്‍ഗ്രസ് നേതാവ്. അടുത്തിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ സഞ്ചരിച്ച ചാര്‍ട്ടേഡ് വിമാനം രണ്ട് തവണ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട സംഭവം ഉണ്ടായതിന് പിന്നാലെയാണ് തീരുമാനം. മധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവായ അശോക് ജയ്സ്‍വാളാണ് രാഹുല്‍ ഗാന്ധിക്ക് വിമാനം വാങ്ങുന്നതിന് ആവശ്യമായ പണം സ്വരൂപിക്കാന്‍ സ്വന്തം സ്ഥലവും വീടും വില്‍പനയ്ക്ക് വച്ചിരിക്കുന്നത്.
കര്‍ണാടക തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയില്‍ ഉണ്ടായ അപകടങ്ങളാണ് തീരുമാനത്തിന് പിന്നിലെന്ന് അശോക് ജയ്‍സ്‍വാള്‍ പറയുന്നു. 2019 ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ ഏറെ തിരക്കിട്ട യാത്രകള്‍ രാജ്യത്തെങ്ങും നടത്തേണ്ട രാഹുലിന്റെ സുരക്ഷിതത്വം ഉറപ്പിക്കേണ്ടത് പാര്‍ട്ടി അനുയായി എന്ന നിലയില്‍ തന്റെ ഉത്തരവാദിത്തമാണെന്നാണ് അശോക് അവകാശപ്പെടുന്നത്.
വീടും സ്ഥലവും വില്‍പനയ്ക്കായുള്ള പരസ്യം ഇതിനോടകം പത്രങ്ങളില്‍ നല്‍കി കഴിഞ്ഞു അശോക് ജയ്‍സ്‍വാള്‍. ഇത്ര ആത്മാര്‍ത്ഥയുള്ള നേതാവിനെ രാജ്യത്ത് ഇല്ലെന്ന് അശേക് പറയുന്നു. ഗാന്ധി കുടുംബം രാജ്യത്തിന് വേണ്ടി മഹത്തായ സേവനമാണ് ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസ് രഹിത ഭാരതത്തിനായി പ്രയത്നിക്കുന്ന പ്രധാനമന്ത്രി ശക്തമായ പ്രതിപക്ഷം ജനാധിപത്യത്തില്‍ ആവശ്യമാണെന്ന കാര്യം വിസ്മരിക്കുകയാണെന്നും അശോക് ആരോപിച്ചു.
കഴിഞ്ഞ ഏപ്രിലിലാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ അപകടത്തില്‍പെട്ടത്. ഓട്ടോപൈലറ്റ് സംവിധാനം വിമാനത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ലെന്ന് അപകടത്തെക്കുറിച്ച് നല്‍കിയ പരാതിയില്‍ കോണ്‍ഗ്രസ് വിശദമാക്കിയിരുന്നു. എന്നാല്‍ പൈലറ്റുമാരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് ഡിജിസിഎ സംഭവത്തെക്കുറിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam