വി ടി ബല്‍റാമിനെ കോണ്‍ഗ്രസ് നിലയ്ക്ക് നിര്‍ത്തണം: എസ് എഫ് ഐ

By Web TeamFirst Published Feb 24, 2019, 4:26 PM IST
Highlights

ഈയിടെയായി നടന്ന ചില വിഷയങ്ങളിൽ സാംസ്കാരിക പ്രവർത്തകരുടെ പിന്തുണ വേണ്ട വിധത്തിൽ ലഭിക്കാതിരുന്ന കോൺഗ്രസ് നേതാക്കന്മാർക്ക് സംഭവിച്ചു പോയ ഒരു തരം മാനസികാവസ്ഥയാണ് വി ടി ബൽറാമിന്റെ പ്രതികരണം എന്നും എസ് എഫ് ഐ പ്രസ്താവനയില്‍ പറഞ്ഞു.

തിരുവനന്തപുരം: വി ടി ബൽറാം എം എ ല്‍എ യെ കോൺഗ്രസ് നിലയ്ക്ക് നിർത്തണമെന്ന് എസ് എഫ് ഐ. സ്വതന്ത്രമായി അഭിപ്രായം പറയാനും ആശയം പങ്കുവെക്കാനുമുള്ള അവകാശം എല്ലാവർക്കും ഒരുപോലെയാണെന്ന് ചൂണ്ടികാട്ടിയ എസ് എഫ് ഐ, കെ ആർ മീരയുടെ അഭിപ്രായ പ്രകടനത്തോട് വി ടി ബൽറാം അസഹിഷ്ണുത പ്രകടിപ്പിക്കുന്നതെന്തിനെന്നും പ്രസ്താവനയിലൂടെ ചോദിച്ചു.

ഉയർന്നു വരുന്ന വിവിധ വിഷയങ്ങളിൽ വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്നവരാണ് സാംസ്കാരിക പ്രവർത്തകരും സാഹിത്യകാരന്മാരും . പക്ഷഭേദമില്ലാതെ അവർ സ്വീകരിക്കുന്ന നിലപാടുകൾ കേട്ട് നിങ്ങളെന്തിന് അസ്വസ്ഥരാകണം. ഈയിടെയായി നടന്ന ചില വിഷയങ്ങളിൽ സാംസ്കാരിക പ്രവർത്തകരുടെ പിന്തുണ വേണ്ട വിധത്തിൽ ലഭിക്കാതിരുന്ന കോൺഗ്രസ് നേതാക്കന്മാർക്ക് സംഭവിച്ചു പോയ ഒരു തരം മാനസികാവസ്ഥയാണ് വി ടി ബൽറാമിന്റെ പ്രതികരണം എന്നും എസ് എഫ് ഐ പ്രസ്താവനയില്‍ പറഞ്ഞു.

അപക്വത കലർന്ന അഭിപ്രായ പ്രകടനങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചുകൊണ്ട് ശ്രദ്ധ നേടുക എന്ന തരം താണ വലതുപക്ഷ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ബല്‍റാമില്‍ നിന്നും സമൂഹം ഇതിൽ കൂടുതൽ മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല. ഇടതുപക്ഷ പ്രസ്ഥാനത്തിനു നേരെ മുൻ കാലങ്ങളിൽ കെ ആർ മീര വിമർശനം ഉന്നയിച്ചപ്പോൾ ആ വിമർശനങ്ങൾക്കുള്ള മറുപടിയായി അവരെ വ്യക്തിപരമായി അവഹേളിക്കാൻ ഇടതുപക്ഷം തയ്യാറായിട്ടില്ല. 

സാഹിത്യകാരന്മാരും, സാംസ്ക്കാരിക പ്രവർത്തകരും നമ്മുടെ നാട്ടിൽ വഹിക്കുന്ന പങ്കിനെ സംബന്ധിച്ച് ഇനിയും ചില കോൺഗ്രസ്സ് നേതാക്കൾ തിരിച്ചറിയേണ്ടതുണ്ട്.  മഹത് വ്യക്തികളെപ്പോലും അധിക്ഷേപിക്കുന്ന വി ടി ബൽറാമിനെ പോലെയുള്ളവരെ നിലയ്ക്കു നിർത്താൻ ഉത്തരവാദിത്തമുള്ള രാഷ്ട്രീയ പ്രസ്ഥാനം എന്നുള്ള നിലയിൽ കോൺഗ്രസ് തയ്യാറാവണമെന്നും എസ് എഫ് ഐ സംസ്ഥാന പ്രസിഡന്‍റ് വി എ വിനീഷും സെക്രട്ടറി കെ എം സച്ചിൻ ദേവും ചേര്‍ന്ന് പുറപ്പെടുവിച്ച പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

click me!