
ബംഗളൂരു: കർണാടകത്തിലെ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് കോൺഗ്രസും ജെഡിഎസും ഇന്ന് ധാരണയിലെത്തിയേക്കും. വൈകിട്ട് ഇരുകക്ഷികളിലെയും എംഎൽഎമാരുടെ സംയുക്തയോഗം ബംഗളൂരുവിൽ നടക്കും. രണ്ട് ഉപമുഖ്യമന്ത്രിമാർ വേണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തമാവുകയാണ്. ജി. പരമേശ്വരക്ക് പകരം ഡി.കെ.ശിവകുമാറിനെ കെപിസിസി അധ്യക്ഷനാക്കാൻ ഏകദേശ ധാരണയായിട്ടുണ്ട്.
കോൺഗ്രസ് ജെഡിഎസ് സഖ്യത്തിൽ കല്ലുകടികൾ തുടങ്ങിയെന്ന സൂചനകളാണ് മന്ത്രിസഭാ രൂപീകരണ ചർച്ചകൾ നൽകുന്നത്. അഞ്ച് വർഷവും താൻ തന്നെയാവും മുഖ്യമന്ത്രിയെന്ന് കുമാരസ്വാമി ഏകപക്ഷീയമായി പ്രഖ്യാപിച്ചു. ആദ്യം സത്യപ്രതിജ്ഞ, പിന്നീട് ഇക്കാര്യങ്ങളിൽ ചർച്ചയെന്ന് കോൺഗ്രസ് നിലപാടെടുത്തു. എത്ര മന്ത്രിമാരാവും ഓരോരുത്തർക്കുമെന്ന് ഇതുവരെ ധാരണയായിട്ടില്ല. കൂടുതൽ മന്ത്രിസ്ഥാനത്തിന് പുറമെ സ്പീക്കർ പദവിയും കോൺഗ്രസിന്‍റെ ആവശ്യമാണ്. ഇത് ജെഡിഎസ് അംഗീകരിച്ചിട്ടുണ്ട്. വീരശൈവ ലിംഗായത്ത് വിഭാഗം സുപ്രധാനപദവികൾക്കായി സമ്മർദം തുടരുകയാണ്. ഇനിയും തഴഞ്ഞാൽ ഇപ്പോൾ കിട്ടുന്ന ലിംഗായത്ത് വോട്ടും പോകുമെന്നാണ് ഇവരുടെ വാദം. ഉപമുഖ്യമന്ത്രി പദത്തിലേക്ക് ദളിത് നേതാവായ കെപിസിസി അധ്യക്ഷൻ ജി പരമേശ്വരക്ക് തന്നെയാണ് മുൻതൂക്കം. ലിംഗായത്ത് മതപദവി പ്രക്ഷോഭ നേതാവ് എം.ബി.പാട്ടീലിനെ ഉപമുഖ്യമന്ത്രിയാക്കണമെന്ന് ചില എംഎൽഎമാർ ആവശ്യപ്പെടുന്നുണ്ട്. ഇത് അംഗീകരിക്കാനിടയില്ല.
സ്പീക്കർ സ്ഥാനത്തേക്ക് ലിംഗായത്ത് എംഎൽഎമാരിൽ ഒരാളെ കോൺഗ്രസ് പരിഗണിച്ചേക്കും.പരമേശ്വര ഉപമുഖ്യമന്ത്രിയായാൽ ഡി.കെ.ശിവകുമാർ കെപിസിസി അധ്യക്ഷനാവും. സിദ്ധരാമയ്യക്കും സാധ്യതയുണ്ട്. എന്നാൽ സഖ്യസർക്കാരിന്‍റെ പരിപാടികൾ തീരുമാനിക്കുന്ന ഏകോപന സമിതിയുടെ അധ്യക്ഷപദവിയിൽ അദ്ദേഹം ഉണ്ടാവാനാണ് സാധ്യത. ജെഡിഎസിൽ നിന്ന് ആരൊക്കെ മന്ത്രിമാരാവണമെന്ന് ഏകദേശ ധാരണയായിട്ടുണ്ട്. കുമാരസ്വാമിയുടെ സഹോദരൻ എച്ച്.ഡി.രേവണ്ണ, മുൻ എംപി എച്ച്.വിശ്വനാഥ്, സിദ്ധരാമയ്യയെ തോൽപ്പിച്ച ജി.ടി.ദേവഗൗഡ എന്നിവർ മന്ത്രിസഭയിലെത്തും.അതിനിടെ വിധാൻ സൗധയ്ക്ക് മുന്നിൽ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രതിപക്ഷ നിരയിലെ പ്രമുഖരെല്ലാം എത്തുമെന്ന് ഉറപ്പായി. മുഖ്യമന്ത്രി പിണറായി വിജയനും സീതാറാം യെച്ചൂരിയും ചടങ്ങിനെത്തും. ആന്ധ്ര, തെലങ്കാന, ദില്ലി, ബംഗാൾ മുഖ്യമന്ത്രിമാരും എം.കെ.സ്റ്റാലിൻ, മായാവതി, അഖിലേഷ് യാദവ് തുടങ്ങിയ നേതാക്കളും സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമൊപ്പം പങ്കെടുക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam