
ഹൈക്കമാന്‍ഡ് സ്വരം കടുപ്പിച്ചതോടെ കെ.പി.സി.സി പട്ടികയില്‍ മാറ്റം വരുത്തുന്നു. പട്ടിക മാറ്റയില്ലെങ്കില്‍ കേരളത്തെ ഒഴിവാക്കി എ.ഐ.സി.സി തെരഞ്ഞെടുപ്പ് നടത്തുമെന്ന് കെ.പി.സി.സിക്ക് ഹൈക്കമാന്‍ഡ് താക്കീത് നല്‍കിയതോടെയാണിത്. ഗ്രൂപ്പ് വീതം വെയ്‍പാണ് നടന്നതെന്ന് വിമര്‍ശിച്ച് കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം സുധീരനും വനിതകളെ വിശ്വാസത്തിലെടുത്തില്ലെന്ന് കുറ്റപ്പെടുത്തി ഷാനിമോള്‍ ഉസ്മാനും സംസ്ഥാന നേതൃത്വത്തിനെതിരെ രംഗത്തെത്തി.
എ,ഐ ഗ്രൂപ്പുകള്‍ ചേര്‍ന്ന് തയ്യാറാക്കിയ 282 പേരുടെ കെ.പി.സി.സി പട്ടികയ്‌ക്കെതിരെ സംസ്ഥാന കോണ്‍ഗസിലുണ്ടായ കൂട്ടക്കലാപം ഹൈക്കമാന്‍ഡും ശരിവയ്‌ക്കുന്നു. പട്ടികയ്‌ക്കെതിരെ ഇരുഗ്രൂപ്പിലും പെടാത്തവരും വനിതകളും യുവാക്കളും എം.പിമാരും പരാതി പറഞ്ഞു. ഇതോടെ പട്ടിക മാറ്റത്തിന് നിര്‍ദേശിച്ചിട്ടും ഗ്രൂപ്പുകള്‍ വഴങ്ങാത്തതാണ് ഹൈക്കമാന്‍ഡിനെ കലി കൊള്ളിച്ചത്. രണ്ടു പേര്‍ ചേര്‍ന്നുണ്ടാക്കിയ പട്ടിക അംഗീകരിക്കേണ്ടെന്ന് രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് അതോററ്റി ചെയര്‍മാന്‍ മുല്ലപ്പള്ളി രാമചന്ദ്രന് നിര്‍ദേശം നല്‍കി. അര്‍ഹരെ ഒഴിവാക്കല്‍, വനിതാ, യുവ, ദളിത് പ്രാതിനിധ്യക്കുറവ്, മാനദണ്ഡങ്ങളുടെ ലംഘനം തുടങ്ങിയവയാണ് കെ.പി.സി.സി പട്ടികയ്‌ക്കെതിരായ ഹൈക്കാന്‍ഡിന്റെ കടുത്ത നിലപാടിന് കാരണം.
പട്ടികയ്‌ക്കെതിരെ ഹൈക്കമാന്‍ഡിനെ പരാതി അറിയിച്ച വി.എം. സുധീരന്‍ പരസ്യവിമര്‍ശനവുമായി രംഗത്തെത്തി. സങ്കുചിത താല്‍പര്യങ്ങളോടെയാണ് പട്ടിക തയ്യാറാക്കിയതെന്നാണ് സുധീരന്റെ വിമര്‍ശനം. കുറഞ്ഞത് 28 വനിതകളെയെങ്കിലും ഉള്‍പ്പെടുത്താതെ പട്ടിക പ്രസിദ്ധീകരിക്കരുതെന്ന് വനിതാ നേതാക്കളും ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടു. വനിതാ നേതാക്കളുമായി കൂടിയാലോചിച്ചില്ലെന്ന് ഷാനിമോള്‍ ഉസ്മാന്‍ തുറന്നടിച്ചു. യുവാക്കളുടെയും വനിതകളുടെയും പ്രാതിനിധ്യം കൂട്ടി പട്ടികയില്‍ മാറ്റം വരുത്തുമെന്നാണ് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്റെ പ്രതികരണം. ഹൈക്കമാന്‍ഡിനെ നേരിട്ട് പരാതി അറിയിക്കാന്‍ പട്ടികയില്‍ ഇടം കിട്ടാത്ത കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് മുന്‍ ഭാരവാഹികളും ദില്ലിയിലെത്തി. കെ.പി.സി.സി രാഷ്‌ട്രീയകാര്യ സമിതിയിലും പട്ടികക്കെതിരെ രൂക്ഷവിമര്‍ശമാണ് ഉയര്‍ന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam