
പനാജി: നിയമസഭാ ഉപതെരഞ്ഞെടുപ്പിനു ശേഷം ഗോവയില് സര്ക്കാര് ഉണ്ടാക്കുമെന്ന് കോണ്ഗ്രസ്. ശിരോദ, മാൻഡ്രേം സീറ്റുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത് ഇത് കഴിയുന്നതോടെ മനോഹർ പരീക്കറെ താഴെ ഇറക്കി പുതിയ സർക്കാർ രൂപീകരിക്കുമെന്നാണ് കോൺഗ്രസ് അവകാശവാദം. ഭരണകക്ഷിയിലെ അഞ്ച് എംഎൽഎമാരുമായി ചർച്ചകൾ നടത്തിയെന്നും വരുന്ന ഉപതെരഞ്ഞെടുപ്പിനു ശേഷം സർക്കാർ രൂപീകരിക്കുമെന്നും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഗിരീഷ് ചോഡാൻകർ പറഞ്ഞു.
തങ്ങൾ അഞ്ച് ഭരണകക്ഷി എംഎൽഎമാരുമായി ബന്ധപ്പെട്ടു. നിലവിലെ സഖ്യത്തിൽനിന്നും പുറത്തുവന്ന് പുതിയ സർക്കാർ രൂപീകരിക്കാൻ കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന് അവർ വാഗ്ദാനം ചെയ്തിട്ടുണ്ട്. കോൺഗ്രസ് സർക്കാർ രൂപീകരിച്ചാൽ ഭരണകക്ഷി സഖ്യത്തിൽനിന്നും പുറത്തുവന്ന് പുതിയ സർക്കാരിന് അവർ പിന്തുണ നൽകുമെന്നും കോണ്ഗ്രസ് നേതാവ് ഗിരീഷ് ചോഡാൻകർ പറയുന്നു.
ഗോവയിലെ മുഖ്യപ്രതിപക്ഷമായ കോൺഗ്രസിന് 12 എംഎൽമാരാണുള്ളത്. നേരത്തെയും സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ് അവകാശവാദം ഉന്നയിച്ചിരുന്നു. കർണാടകയിൽ 2018 മെയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചതിനു പിന്നാലെയാണ് ഗോവയിൽ കോൺഗ്രസ് അവകാശവാദം ഉന്നയിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടുപോലും ഗോവയിൽ സർക്കാർ രൂപീകരിക്കാൻ കോൺഗ്രസിനെ ക്ഷണിച്ചിരുന്നില്ല. ഭൂരിപക്ഷമുണ്ടെന്ന് അവകാശപ്പെട്ട ബിജെപിയെയാണ് സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിച്ചത്. എന്നാൽ കർണാടക നിയമസഭയിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായതോടെ മതിയായ ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടുപോലും ബിജെപിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചു. ഇതിനു പിന്നാലെയാണ് ഗോവയിൽ കോൺഗ്രസ് അവകാശവാദം ഉന്നയിച്ചത്.
കഴിഞ്ഞ സെപ്റ്റംബറിലും പുതിയ സർക്കാർ ഉണ്ടാക്കാൻ അവകാശവാദം ഉന്നയിച്ച് ഗവർണർ മൃദുല സിൻഹയെ കോൺഗ്രസ് സമീപിച്ചു. മനോഹർ പരീക്കർ ആശുപത്രിയിൽ ആയതോടെയാണ് കോൺഗ്രസ് നീക്കം നടത്തിയത്. എന്നാൽ ഈ നീക്കവും ഫലവത്തായില്ല. താനും മാസങ്ങൾക്കുള്ളിൽ തീയതി പ്രഖ്യാപിച്ചേക്കുമെന്നാണ് കരുതുന്നത്. കോൺഗ്രസ് എംഎൽഎമാരായ സുഭാഷ് ശിരോദ്ക്കർ, ദയാന്ദ് സ്പോട്ടെ എന്നിവർ രാജിവച്ച് ബിജെപിയിൽ ചേർന്നതോടെയാണ് ഉപതെരെഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam