കോൺഗ്രസിന്‍റെ ഉന്നത നേതാക്കളെ അപമാനിക്കുന്നു; ' ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററി'ന്‍റെ പ്രദർശനം തടഞ്ഞു

By Web TeamFirst Published Jan 12, 2019, 12:10 PM IST
Highlights

പ്രകടനങ്ങൾക്കിടെ 'രാഹുൽഗാന്ധി സിന്ദാബാദ്', 'കോൺഗ്രസ് സിന്ദാബാദ്' മുദ്രാവാക്യങ്ങൾ പ്രവര്‍ത്തകര്‍ ഏറ്റുവിളിച്ചു.  കോൺഗ്രസ് പതാകകളുമായെത്തിയാണ് പ്രവർത്തകർ പ്രതിഷേധിച്ചത്.

കൊൽക്കത്ത: കൊൽക്കത്ത നഗരത്തിലെ ക്വസ്റ്റ് മാളിലുള്ള മള്‍ട്ടിപ്ലക്‌സ് തിയറ്ററില്‍ പ്രദര്‍ശിപ്പിച്ച 'ദി ആക്‌സിഡന്റല്‍  പ്രൈം മിനിസ്റ്റ'റിന്റെ പ്രദർശനം കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. കോൺഗ്രസിന്റെ ഉന്നത നേതാക്കളെ അപമാനിക്കുന്നുവെന്ന് ആരോപിച്ചാണ് പ്രദര്‍ശനം തടഞ്ഞത്. പ്രതിഷേധത്തിനിടെ സ്ഥലത്തെത്തിയ പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷം പ്രദർശനം തുടര്‍ന്നു. 

പ്രകടനങ്ങൾക്കിടെ 'രാഹുൽഗാന്ധി സിന്ദാബാദ്', 'കോൺഗ്രസ് സിന്ദാബാദ്' മുദ്രാവാക്യങ്ങൾ പ്രവര്‍ത്തകര്‍ ഏറ്റുവിളിച്ചു.  കോൺഗ്രസ് പതാകകളുമായെത്തിയാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. പ്രവർത്തകർ തിയറ്ററിൽ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. കോൺഗ്രസിന്റെ മുതിർന്ന നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മൻമോഹൻ സിങ് എന്നിവരെ അപമാനിക്കുന്നതാണ് ചിത്രമെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു.  ചിത്രം ഒരു തിയറ്ററിലും പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് കോൺഗ്രസ് നേതാവ് രാകേഷ് സിങ് പറഞ്ഞതായി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യതു. 

അതേ സമയം ചിത്രം ബിജെപിയുടെ രാഷ്ട്രീയ തന്ത്രമാണെന്നും എന്നാൽ ഇത്തരം അക്രമപ്രവർത്തനങ്ങൾ നടത്തരുതെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ഓംപ്രകാശ് മിശ്ര പ്രതികരിച്ചു. സിനിമ വസ്തുതകളെ വളച്ചൊടിക്കുന്നതാണെന്നായിരുന്നു ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രതികരണം.

ഡോ. മന്‍മോഹന്‍ സിങ് ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന കാലത്തെ കഥ പറയുന്ന ബോളിവുഡ് ചിത്രമാണ് 'ദി ആക്‌സിഡന്റല്‍  പ്രൈം മിനിസ്റ്റർ'. ചിത്രത്തിനെതിരെ മുൻപും കോൺഗ്രസ് രംഗത്തെത്തിരുന്നു. അനുപം ഖേര്‍ നായകനാകുന്ന ചിത്രം, മന്‍മോഹന്‍ സിങിന്റെ ജീവിതത്തെ ആസ്പദമാക്കി അദ്ദേഹത്തിന്റെ മുന്‍ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാരു എഴുതിയ പുസ്തകത്തെ ആധാരമാക്കിയാണ് നിര്‍മിച്ചിരിക്കുന്നത്.
 

click me!