
ദില്ലി: ശബരിമല വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരൻപിള്ളക്കും തന്ത്രി കണ്ഠരര് രാജീവർക്കുമടക്കം നാലു പേര്‍ക്കെതിരെ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി. ശ്രീധരന്‍ പിള്ളക്ക്, ശബരിമല ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര്, നടൻ കൊല്ലം തുളസി, പന്തളം രാജകുടുംബത്തിലെ രാമരാജ വര്‍മ്മ, ബി.ജെ.പി പത്തനംതിട്ട നേതാവ് മുരളീധരന്‍ ഉണ്ണിത്താന്‍ എന്നിവര്‍ക്കെതിരെയാണ് ഹര്‍ജി.
അഭിഭാഷകരായ ഗീനാകുമാരി, വര്‍ഷ എന്നിവരാണ് ഹര്‍ജി ഫയല്‍ ചെയ്തത്. കോടതിക്കെതിരെ സംസാരിക്കുകയും ജാഥ നടത്തുകയും ചെയ്തുവെന്നതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോടതി അലക്ഷ്യ ഹര്‍ജികൾ. കോടതി അലക്ഷ്യ ഹര്‍ജികൾ നൽകുന്നതിന് നേരത്തെ അഡീഷണൽ സോളിസിറ്റര്‍ ജനറൽ അനുമതി നിഷേധിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഹര്‍ജികൾ രജിസ്ട്രിയുടെ അനുമതിയോടെ നേരിട്ട് ഫയൽ ചെയ്തത്. ഹര്‍ജി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചുവെന്ന് രജിസ്ട്രി അറിയിച്ചതായി അഭിഭാഷകര്‍ അറിയിച്ചു.
സുപ്രീംകോടതി വിധി പ്രകാരം എത്തിയ സ്ത്രീകളെ തടഞ്ഞു. ക്ഷേത്ര സന്ദര്‍ശനത്തിന് എത്തിയ വിശ്വാസികളായ സ്ത്രീകളെ മര്‍ദ്ദിച്ചു. സ്ത്രീകളെ തടഞ്ഞുനിര്‍ത്തി പരിശോധന, സുപ്രീംകോടതി വിധിക്കെതിരെ തിരുവനന്തപുരത്തേക്ക് നടത്തിയ റാലി, ഇന്ത്യൻ ഭരണഘടന വിദേശികൾ എഴുതിയതാണെന്ന പ്രസ്താവന, കൊല്ലം തുളസിയുടെ പ്രസംഗം, സ്ത്രീകൾ പ്രവേശിച്ചാൽ ക്ഷേത്രം അടക്കുമെന്ന തന്ത്രിയുടെ പ്രഖ്യാപനം ഇതൊക്കെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കേണ്ട കുറ്റമാണെന്ന് ഹര്‍ജികളിൽ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam